ഹൈക്കമാന്‍ഡ് പറയുന്നതില്‍ കോണ്‍ഗ്രസ് എത്ര കേള്‍ക്കും.? നേര്‍വഴിക്കോ പോക്ക്?

എഐസിസിക്ക് ഇത് മിഷന്‍ കേരളയുടെ സമയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകസമിതി ഒരു വലിയ പ്ലാനുമായി ഇവിടെയുണ്ട്. അവരാ നയം കൃത്യമായി പറഞ്ഞു. സ്ഥാനാര്‍ഥികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജയസാധ്യത മാത്രമാകണം ഘടകം. മറ്റൊന്നിനും വേണ്ട പ്രാധാന്യം. ഗ്രൂപ്പ് വീതംവയ്പ് വേണ്ട. നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ ഹൈക്കമാന്‍ഡ് പ്രതിനിധി അശോക് ഗെലോട്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവയ്ക്കണമെന്ന് കെ.സി.വേണുഗോപാല്‍. ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ടെന്ന് കെപിസിസി ഭാരവാഹികളോട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സംസാരമെല്ലാം നടക്കുമ്പോള്‍ ഇന്നലെവരെ മറിച്ച് പലതും ആലോചിച്ചുകൊണ്ടിരുന്ന മുതിര്‍ന്ന നേതാവ് കെ.വി.തോമസും ഹൈക്കമാന്‍ഡിനെ കാണാന്‍ തിരുവനന്തപുരത്തെത്തി. അപ്പോള്‍ ചോദ്യമിതാണ്. സാഹചര്യവും ലക്ഷ്യവും വെല്ലുവിളിയുമെല്ലാം മുന്നില്‍ തെളിഞ്ഞുനില്‍ക്കെ ഹൈക്കമാന്‍ഡിനെ എത്രത്തോളം കേള്‍ക്കും സംസ്ഥാനത്തെ കോണ്‍ഗ്രസ്?