കാരാട്ട് റസാഖിന്റെ പേരിന് പിന്നിൽ; സ്വര്‍ണക്കടത്തില്‍ അന്വേഷണം ഉന്നതരിലേക്കോ ?

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന ഉന്നതബന്ധങ്ങള്‍ എവിടെവരെയെന്നത് ഇന്നും കേരളത്തിന് വ്യക്തമല്ല. നിലവില്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ കേട്ട പ്രധാനപേര് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റേതാണ്. അദ്ദേഹത്തിന്‍റെ മൊഴിയില്‍ പറഞ്ഞ പലതും ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. അപ്പോളും രാഷ്ട്രീയ നേതൃത്വത്തിലേക്ക് നേരിട്ടെത്തുന്ന ഒന്നും ഈ കേസില്‍ ഇതുവരെ പുറത്ത് വന്നില്ല.

എന്നാല്‍  കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി പുറത്തുവരുമ്പോള്‍ ഇടതുമുന്നണിയിലെ ഒരു എംഎല്‍എയ്ക്ക് നേരിട്ടെത്തുകയാണ് സ്വര്‍ണക്കടത്ത്. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്‍റെ പേരാണ് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഉള്ളത്.  തനിക്ക് സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്നും പ്രതികളെ പരിചയമില്ലെന്നും കാരാട്ട് റസാഖ് പറയുന്നു. മാത്രവുമല്ല മുസ്ലീം ലീഗ് വിട്ട് ഇടതുമുന്നണിയില്‍ പോയതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് ഈ ആരോപണത്തിന് പിന്നിലെന്നും എംഎല്‍എ വിശദീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ രഹസ്യറി്പപോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന എംഎല്‍എയെ ഇതുവരെ ഏജന്‍സികളൊന്നും ചോദ്യം ചെയ്തിട്ടുമില്ല . പക്ഷേ എംഎല്‍എ പറയുന്നതു പോലെ രാഷ്ട്രീയമാണ് കാരണമെങ്കില്‍ കാരാട്ട് റസാഖിനോട് സന്ദീപ് നായരുടെ ഭാര്യയ്ക്ക് എന്തിന് വൈരാഗ്യം തോന്നണം എന്നതും പ്രശ്നമാണ്. സ്വര്‍ണക്കടത്തില്‍ അന്വേഷണം ഉന്നതരിലേക്കോ ?