സ്വര്‍ണക്കടത്ത് കേസിൽ നൂറാം നാളിലും ഏജന്‍സികള്‍ ഇരുട്ടില്‍ത്തപ്പുന്നോ ?

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് അന്വേഷണം തുടങ്ങിയിട്ട് തിങ്കളാഴ്ച നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കസ്റ്റംസ് തുടങ്ങിയ അന്വേഷണത്തിന് പുറമെ ഇഡിയും എന്‍ഐഎയും  അനുബന്ധ കേസില്‍ സിബിഐയും വന്നു. വമ്പന്‍ സ്രാവുകള്‍ കുടുങ്ങുെമന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രി തന്നെ പ്രതിയാവുമെന്ന് കേരളത്തിലെ പ്രതിപക്ഷവും പറഞ്ഞു.  സംസ്ഥാനത്തെ ഒരു മന്ത്രിയും പല ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായി.  പക്ഷേ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം മറ്റൊന്നും സംഭവിച്ചില്ല. ആദ്യം അന്വേഷണം തുടങ്ങിയ കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ രണ്ടാം തവണയും ചോദ്യം ചെയ്യുകയാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഭാഗിക കുറ്റപത്രത്തില്‍ സാക്ഷികളുടെ പേരില്‍പ്പോലും മന്ത്രി കെ.ടി ജലീലിന്‍റെ പേരില്ല. യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന കോടതിയുടെ ചോദ്യത്തിന് എന്‍ഐഎയ്ക്ക് വ്യക്തമായ ഉത്തരമില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം വമ്പന്‍ സ്രാവുകള്‍ക്ക് ഈ കേസിലെ റോള്‍ തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കാനുവുന്നില്ലേ ? നൂറാം നാളിലും ഏജന്‍സികള്‍ ഇരുട്ടില്‍ത്തപ്പുന്നോ ?