ലോക്ഡൗണിന് ലോക്കുവീഴാൻ എത്ര കാത്തിരിക്കണം?

നമ്മള്‍ അടച്ചുപൂട്ടി അകത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച. പരിചയമില്ലാത്ത ഒരു ശത്രുവിനെ നേരിടാന്‍ പതിവുകളെല്ലാം മനസോടെയും മനസില്ലാതെയും തല്‍ക്കാലത്തേക്ക് പൂട്ടിവച്ചുള്ള ഇരുപ്പ്. ഇതെന്നാണ് തീരുക എന്നതിലേക്ക് എന്തെങ്കിലും സൂചനകളുണ്ടോ? എന്തിന്റെയൊക്കെ അടിസ്ഥാനത്തിലാകും ആ ആശ്വാസ വാര്‍ത്ത സൃഷ്ടിക്കപ്പെടുക? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരംതേടാനാണ് നമ്മളീ മണിക്കൂര്‍ ഇരിക്കുന്നത്. ഈ ദിവസം കേരളം കണ്ടത് രണ്ടാമത്തെ കോവിഡ് മരണം.

തിരുവനന്തപുരം സ്വദേശിയുടെ മരണം ഒരു നാടിനെയാകെ സമ്പൂര്‍ണ ലോക്ഡൗണിലെത്തിക്കുന്നു. ആരില്‍നിന്നാണ് രോഗം കിട്ടിയതെന്ന് അറിയില്ല. അതിനാല്‍ ആരും പുറത്തിറങ്ങരുത് ആ പ‍ഞ്ചായത്തില്‍ എന്നാണ് തീരുമാനം. ഏഴ് പേര്‍ക്ക് ഇന്ന് പുതുതായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നു. രാജ്യത്ത് കൂടുതല്‍ മരണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. അപ്പോള്‍ ലോക്ഡൗണിന് ലോക്കുവീഴുന്നു എന്ന ശുഭവാര്‍ത്തയിലേക്ക് എത്രയാണ് ദൂരം? അത് നിശ്ചയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാകും?