വിശ്രമിക്കാറായില്ല; കോവി‍‍‍ഡ് ജാഗ്രതയോട് സഹകരിക്കുന്നതിൽ അലസതയോ?

ഇതുപോലൊരു ജാഗ്രതാ നിര്‍ദേശം നമ്മളാരും കണ്ടിട്ടില്ല. ആള്‍ക്കൂട്ട സാധ്യതയുള്ള എല്ലാം ഒഴിവാക്കി കേരളം കോവിഡ് 19 നേരിടുകയാണ്. പുതുതായി രോഗബാധിതര്‍ ഇല്ലാതെ നമുക്ക് ആശ്വാസം തന്ന ഒരു ദിവസത്തിനുശേഷം ഇന്നുവരുന്ന വാര്‍ത്ത അത്ര പോസിറ്റീവല്ല. സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍നിന്ന് വന്ന തൃശൂര്‍ സ്വദേശിക്കും ദുബായില്‍നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗബാധ. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് കോവിഡ് സംശയിക്കുന്നു. അങ്ങനെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം പതിനാറായി.  ആരോഗ്യമന്ത്രി കൃത്യമായി ഇന്നും ഇന്നലെയുമൊക്കെ പറയുന്നപോലെ നമുക്ക് വിശ്രമിക്കാറായില്ല. നിരീക്ഷണത്തില്‍ നിരവധിപേരുണ്ട്. ഹൈറിസ്ക് കോണ്ടാക്ടിലുള്ളവര്‍ അടക്കം. നിരീക്ഷണവലയത്തില്‍ വരാതെ ഇനിയും കുറേപ്പേരുണ്ടാകാം. അപ്പോള്‍ കോവിഡ് നേരിടുന്നതില്‍ നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് എവിടെയാണ്? ജാഗ്രതാ നിര്‍ദേശങ്ങളോട്, മുന്‍കരുതല്‍ നടപടികളോട് കേരളം പരിപൂര്‍ണമായും സഹകരിച്ചുകഴിഞ്ഞോ? അതുമൂലമുള്ള അസൗകര്യങ്ങളോട്, സാരമില്ല എന്ന് പറഞ്ഞുകഴിഞ്ഞോ.