പ്രതിഷേധക്കാരെ വെടി വെച്ചിടാന്‍ പറയുന്ന മന്ത്രിമാർ; ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നത് ആര് ?

വിയോജിപ്പുകള്‍ സംവാദങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞത് മോദി സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കിക്കൊണ്ടാണ്. പൗരത്വ നിയമത്തിലൂടെ സര്‍ക്കാര്‍ ഗാന്ധിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി. നിയമത്തിനെതിരായ പ്രതിഷേധിക്കുന്നവര്‍ നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് രാഷ്ട്രപതി ആശങ്കപ്പട്ടു. 

റാം നാഥ് കോവിന്ദ് ഇങ്ങനെ ആശങ്കപ്പെടുന്നതിന്‍റെ തൊട്ടുതലേന്ന്, അഹിംസയുടെ പ്രവാചകനായ രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനത്തില്‍  രാജ്യം കണ്ടത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പൊലീസ് കാവലില്‍ നിന്ന് വെടിയുതിര്‍ക്കുന്ന ചെറുപ്പക്കാരനെയാണ്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന സര്‍ക്കാരിന്‍റെ മൂക്കിന് താഴെ ഹിംസയുടെ  പ്രതിരൂപമായെത്തിയ അയാള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സഹയാത്രികനാണ്.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച മുപ്പതിലധികം മനുഷ്യരെ കൊന്നു തള്ളിയ, പ്രതിഷേധിക്കുന്നവരെ വെടവിച്ചിടാന്‍ പറയുന്ന മന്ത്രിമാരുള്ള മോദി സര്‍ക്കാര്‍ ഗാന്ധിജിയുടെ എന്ത് സ്വപ്നമാണ് യാഥാര്‍ഥ്യമാക്കുന്നത് ? രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ ആരില്‍ നിന്നാണ് ഉണ്ടാകുന്നത് ?