എടപ്പാൾ പീഡനത്തിൽ പൊലീസ് ചെയ്തതെന്ത്?

കഴിഞ്ഞമാസം മധ്യത്തോടുകൂടി കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലപ്പുറം എടപ്പാളില്‍ തീയറ്ററില്‍ 10 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അമ്മയോടൊപ്പം സിനിമാ തീയറ്ററിലെത്തിയ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സമൂഹത്തില്‍ സ്വാധീനമുള്ള ഒരു പണച്ചാക്കാണ്. തീയറ്റര്‍ ഉടമ നല്‍കിയ വിവരങ്ങളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അമ്മയുടെ ഒത്താശ കൂടി ഉണ്ടായിരുന്നു എന്നുകൂടി വെളിപ്പെട്ടതോെട അമ്മ രണ്ടാംപ്രതിയുമായി. പക്ഷേ ഏപ്രില്‍ 18 ന് നടന്ന സംഭവത്തില്‍ 26ന് പരാതി കിട്ടിയിട്ടും പൊലീസ് കേസെടുത്തത് മേയ് 14ന് ദൃശ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോഴാണ്. സസ്പെന്‍ഷനിലായ എസ്.ഐയും പൊലീസുകാരനും കേസില്‍ പ്രതികളുമായി. പക്ഷേ വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാന്‍ താമസിച്ചതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും ഇപ്പോള്‍ തിയറ്റര്‍ ഉടമയ്ക്ക് എതിരേയും കേസ് എടുത്തിരിക്കുന്നു. അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെങ്കിലും തിയറ്റര്‍ ഉടമയക്കെതിരേ കേസ് എടുത്തത് പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പൊലീസ് നിയമപരമായി ചെയ്യേണ്ടകാര്യം മാത്രമാണോ ചെയ്തത്? അതോ പൊലീസുകാര്‍ പ്രതികളാവുന്നുണ്ടെങ്കില്‍ അതേ നിയമം വച്ച് തിയറ്റര്‍ ഉടമയേയും പ്രതിയാക്കി പ്രതികാരം ചെയ്യുന്നതോ?