വിലപിക്കാന്‍ അര്‍ഹതയുള്ള ആരെങ്കിലുമുണ്ടോ നമുക്കിടയില്‍?

കൊച്ചി മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളും ആയയും മരിച്ചു. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. പരുക്കേറ്റ ഒരു കുട്ടിയും ഡ്രൈവര്‍ അനില്‍കുമാറും ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടി അപകടനില തരണം ചെയ്തു. മരട് കാട്ടിത്തറ റോഡിലെ കാവിനോട് ചേര്‍ന്നുള്ള കുളത്തിലേക്കാണ് വൈകീട്ട് നാലുമണിയോടെ വാന്‍ മറിഞ്ഞത്. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. 

അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ചു കുട്ടികളെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.   സംഭവസ്ഥലം സന്ദര്‍ശിച്ച എനിക്ക് മൂന്നുകാര്യങ്ങള്‍ ബോധ്യപ്പെട്ടു. 1. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ട്. പക്ഷേ സര്‍ട്ടിഫിക്കറ്റില്‍ ഉള്ള ഫിറ്റ്നസ് വണ്ടിക്കില്ല. 2.കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ച കുളത്തിനും ഏകദേശം 10 അടി വീതിയുള്ള റോഡിനും ഇടയില്‍ ഒരു മുള്ളുവേലി പോലുമില്ല. 3. സമീപപ്രദേശത്തെല്ലാം ഇതേ പ്രശ്നമുണ്ട്. വണ്ടി കുളത്തിലേക്കോ തോട്ടിലേക്കോ മറിയാവുന്ന സാഹചര്യം  റോഡില്‍ ഇനിയുമുണ്ട്. അതിനാല്‍ നമ്മുടെ ചോദ്യം പതിവുള്ളതാണ്– കുഞ്ഞുങ്ങളുടെ ജീവനെക്കുറിച്ച് വിലപിക്കാന്‍ അര്‍ഹതയുള്ള ആരെങ്കിലുമുണ്ടോ നമുക്കിടയില്‍?