പുതിയ രാഹുലിനെ പേടിക്കേണ്ടതാരെല്ലാം ?

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കര്‍ണാടകയിലെ അഞ്ചുകോടി വോട്ടര്‍മാരുടെ മാത്രം പ്രശ്നമല്ല. ഈ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ് അടുത്ത ചൊവ്വാഴ്ചയിലേക്ക്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കര്‍ണാടക തരും അടുത്തവര്‍ഷത്തേക്ക് പ്രധാനപ്പെട്ട ചില സിഗ്നലുകള്‍. ആ പോരില്‍ ബിജെപിക്ക് മുന്നില്‍ തന്ത്രശാലിയായ ഒരു മുഖ്യമന്ത്രിയുണ്ട്. പക്ഷെ അത്ര തന്നെ പ്രധാനമാണ് ഈ പോര്‍ക്കളത്തിലെ രണ്ട് പടനായകര്‍. ഒരു വശത്ത് നരേന്ദ്രമോദി. മറുവശത്ത് രാഹുല്‍ഗാന്ധി. മോദി രാഹുല്‍ പോര് ഇതാദ്യമല്ല ചര്‍ച്ചയാകുന്നത്. പക്ഷെ ഇത്ര കരുത്തുറ്റ പോര് മുമ്പ് ഒരുപാട് കണ്ടിട്ടുമില്ല

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – കര്‍ണാടക സാക്ഷ്യപ്പെടുത്തുന്നു 2019ലേക്ക് നരേന്ദ്രമോദിയെന്ന അതികായന് ഒത്ത എതിരാളിയാണ് രാഹുല്‍ ഗാന്ധിയെന്ന്. ചോദ്യങ്ങളുന്നയിച്ച്, കൃത്യസമയത്ത് രംഗത്തുവന്ന്, നിരന്തരമായി ഇടപെട്ട് ഒരു പ്രതിപക്ഷനേതാവിന്റെ റോളിലുണ്ട് രാഹുല്‍. കര്‍ണാടക ജനവിധി മറിച്ചായാലും ഇതു തുടരുമോ എന്നിടത്താണ് ബാക്കി.