സോളാർക്കാലത്തെ ‌ഓർമിപ്പിക്കുന്ന സതീശൻമാർ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയ ജീവിതത്തില്‍ പിണഞ്ഞ ഏറ്റവും വലിയ പിഴവ് തന്റെ കാലത്ത് ആവര്‍ത്തിക്കാതിരിക്കുക എന്നതില്‍ അദികാരമേല്‍ക്കും മുന്‍പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗരൂകനായിരുന്നു. മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞും സെക്രട്ടറി ചമഞ്ഞും പലരും പല തട്ടിപ്പും നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രസ്താവന. തന്റെ പേരില്‍ അവതാരങ്ങള്‍ ഇറങ്ങുന്നതിന് എതിരേയുള്ള മുന്നറിയിപ്പായിരുന്നു അത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അവതാരങ്ങള്‍ വാഴുന്നതിന് അത് തടസ്സമായില്ല എന്നാണ് കോഴിക്കോട് നിന്നുള്ള വാര്‍ത്ത. സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനാണ് ഇന്ന് വന്ന വാര്‍ത്തയിലെ പ്രതി. മുഖ്യമന്ത്രിയുടെ പേരില്‍ ലക്ഷങ്ങളുടെ ജോലി തട്ടിപ്പിന് സതീശനെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാലുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെങ്കിലും 24 പേരുടെ കയ്യില്‍ നിന്നെങ്കിലും സതീശന്‍ പണംപറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പുനടത്താന്‍ പി.സതീശന് ധൈര്യംകിട്ടിയത് എവിടെനിന്ന്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്–രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പാണോ അതോ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചുള്ള തട്ടിപ്പാണോ എന്നാണ് ഈ കേസിനെ സംബന്ധിച്ച് വ്യക്തമാകാനുള്ളത്. ഇക്കാര്യം വ്യക്തമാക്കിത്തരേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനാണ്. കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതെല്ലാം ഓര്‍മയുണ്ടല്ലോ, അല്ലേ?