മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം ഇല്ലേ ?

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് സേനയിലെ മൂന്നു പൊലീസുകാരെ ഒരു യുവാവിനെ കസ്റ്റഡിയില്‍ വച്ച് തല്ലിക്കൊന്നതിന് അറസ്റ്റ് ചെയ്തിരിക്കുന്നു. മുതിര്‍ന്ന നാലു പൊലീസ് ഉദ്യോഗസ്ഥരെക്കൂടി അറസ്റ്റ് ചെയ്യുമോ എന്നകാര്യം ഇപ്പോള്‍ വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന് തള്ളിക്കളയാന്‍ കഴിയാത്ത തെളിവുകളാണ് മൂന്നുപേരുടെ കയ്യില്‍ വിലങ്ങിട്ടത്. വരാപ്പുഴ ശ്രീജിത് കസ്റ്റഡി കൊലപാതകം ആ നിലയ്ക്ക് കേരളീയ സമൂഹത്തിനു മുന്നില്‍ പൊലീസ് ക്രൂരതയുടെ മറ്റൊരു അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു. ചോദ്യമിതാണ്–  സാധാരണ പൊലീസുകാരന്‍ മുതല്‍ എസ്.പി വരെയുള്ളവര്‍ മറുപടി പറയേണ്ട സാഹചര്യമൊരുക്കിയ കേസിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകുമോ?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ചയുടെ നിലപാട് ഇതാണ്– ശ്രീജിത്തിന്റെ കൊലയ്ക്ക് ഉത്തരവാദികള്‍ മൂന്നു പൊലീസുകാര്‍ മാത്രമല്ല. സ്റ്റേഷനില്‍ വച്ചു മര്‍ദിച്ചവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്നേ തീരൂ. ഒപ്പം ഒരു നിരപരാധിയുടെ ജീവന് സംരക്ഷണം കൊടുക്കേണ്ടവര്‍ തന്നെ കൊലയ്ക്കു നേതൃത്വം നല്‍കിയെങ്കില്‍ അതിന്റെ രാഷ്ട്രീയ, ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഒരാള്‍ മാത്രം– മുഖ്യമന്ത്രി പിണറായി വിജയന്‍.