ഉപവാസം കൊണ്ട് കറ കഴുകാമോ ?

ഉപവാസം സംസ്കാരപൂര്‍ണമായ ഒരു സമരരീതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മറ്റു നേതാക്കളും ഇന്ന് നടത്തിയ ഉപവാസം പക്ഷേ ആ സമരരൂപത്തിന്റെ സാംസ്കാരിക പ്രബുദ്ധതയോട് നീതിപുലര്‍ത്തുന്നതാണോ? ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം പൂര്‍ണമായും ബഹളത്തിലും പ്രതിഷേധത്തിലും ഒലിച്ചുപോയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉപവാസം. എന്തിലുള്ള പ്രതിഷേധങ്ങളാണ് പാര്‍ലമെന്റിനെ സ്തംഭിപ്പിച്ചതെന്ന് കാണാതെ ഈ ഉപവാസത്തിന്റെ ലക്ഷ്യത്തെ ന്യായീകരിക്കാനാകില്ല. ആന്ധ്ര മുതല്‍ ബാങ്ക് കുംഭകോണം വരെ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ടിയിരുന്ന വിഷയങ്ങളും അഭിമുഖീകരിക്കേണ്ടിയിരുന്ന അവിശ്വാസ പ്രമേയങ്ങളും ഉണ്ടായിരുന്നു. അവയ്ക്കെല്ലാം ഉപവാസം കൊണ്ട് മറയിടാനാകുമോ? ചെന്നൈയില്‍ സന്ദര്‍ശനത്തിലായിരുന്ന നരേന്ദ്ര മോദിയോട് തമിഴ്നാട്ടിലെ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതികരിച്ചത് കരിദിനം ആചരിച്ചാണ് എന്നുകൂടി അറിയുക. രാജ്യം പ്രശ്നങ്ങള്‍ കൊണ്ട് നീറുമ്പോള്‍ പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ നടത്തിപ്പിനായി ഉപവസിക്കുന്നത് നാടകമല്ലാതെ മറ്റെന്താണ്?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– രാജ്യത്തിന് ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഒട്ടേറെയാണ്. പാര്‍ലമെന്റില്‍ കിട്ടാതെ പോയ ഉത്തരങ്ങള്‍ പുറത്തെങ്കിലും തരുന്ന പ്രധാനമന്ത്രിയെ ആണ് രാജ്യം കാണാന്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ, നിസ്സഹായത അറിയിക്കാന്‍ ഉപവാസം കിടക്കുന്ന രാഷ്ട്രീയനേതാവിനെയല്ല.