പൗരന്റെ അവകാശം ഹനിക്കുന്നതാര് ?

കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാരത്തിലും മിഠായിയിലും മറ്റും വഞ്ചനയുടെ കയ്പ് കലര്‍ത്തുന്ന ഏജന്‍സിയെ കൊച്ചി മരടില്‍ കണ്ടെത്തിയിട്ട് രണ്ടുദിവസമായി. ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് ഈ വാര്‍ത്ത പുറത്തെത്തിച്ചിട്ടും അതിവേഗത്തില്‍ വേണ്ട നടപടികള്‍ ഇഴയുന്ന നിലയാണ്. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പുതിയ ലേബലിലാക്കി മാര്‍ക്കറ്റിലെത്തിക്കുന്ന വിദ്യ ഇതാദ്യമായി പച്ചയ്ക്ക് പുറത്തുവന്നിട്ടും സംസ്ഥാനതലത്തില്‍ പരിശോധന ഉണ്ടായില്ല. ഇത് വ്യാപകമാണോ എന്നറിയാനുള്ള നീക്കമില്ല. ഭക്ഷ്യരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് റെയ്ഡ് നടത്തി മഹസ്സര്‍ തയ്യാറാക്കി. പക്ഷേ ഏതൊക്കെ കടകളില്‍ ഇവ വില്‍ക്കാനെത്തിച്ചു എന്ന അന്വേഷണമില്ല. മരട് നഗരസഭ ലൈസന്‍സ് റദ്ദാക്കി. പക്ഷേ സാധാരണ നടപടികള്‍ മതിയോ ഈ വിഷയത്തില്‍? മരട് നഗരസഭയുടെ ഭരണപരിധിയില്‍ വരുന്ന പ്രാദേശിക വിഷയമാണോ ഇത്? ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഉറപ്പുവരുത്താന്‍ ലേബലിലെ എക്സ്പയറി ഡേറ്റിനെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ ഇനിമുതല്‍ എന്ത് ചെയ്യണം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഉല്‍പന്നങ്ങളുടെ ഉപയോഗകാലാവധി സംബന്ധിച്ചുള്ള അറിയിപ്പ് പൗരന്‍റെ അവകാശമാണ്. അതിലാണ് വഞ്ചന നടന്നതായി തെളിഞ്ഞിരിക്കുന്നത്. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് നഗരസഭ മാത്രമല്ല, സര്‍ക്കാര്‍ തന്നെയാണ്.