താരരാജാവിന് മറ്റൊരുനീതി വേണമോ ?

കൃഷ്ണമൃഗം സത്യമുള്ള മൃഗമാണെന്നാണ് രാജസ്ഥാനിലെ ബിഷ്ണോയ് സമുദായക്കാര്‍ കരുതുന്നത്. അത് സത്യമായി. 

20 വര്‍ഷമായി അവര്‍ പോരാടിയത് ഈ ദിവസത്തിനുവേണ്ടിയാണ്. രണ്ടു കൃഷ്ണമൃഗങ്ങളെ വെടിവച്ചുകൊന്ന കേസിലെ പ്രതി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ശിക്ഷകിട്ടാന്‍. 5 വര്‍ഷം തടവുശിക്ഷ കിട്ടിയ സല്‍മാനെ ജോധ്പുര്‍ ജയിലില്‍ അടച്ചു. ബലാല്‍സംഗക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന അസാറാം ബാപ്പുവിനൊപ്പം. ബോളിവുഡില്‍ പലര്‍ക്കും ഞെട്ടലും വിങ്ങലുമാണ്. നല്ലവനായ സല്‍മാനുവേണ്ടി നിലവിളിയും പ്രാര്‍ഥനയും. നീതിയുടെ മുന്നില്‍ ഈ ഗോഷ്ഠികള്‍ പ്രഹസനങ്ങളാണ്. കൃഷ്ണമൃഗങ്ങളുടെ മരണരോദനം കേള്‍ക്കാന്‍ കാതില്ലാത്തവരാണ് താരരാജാവിന്റെ ആഢംബര ജീവിതത്തിന് ഭംഗം തട്ടുമ്പോള്‍ പൊട്ടിക്കരയുന്നത്. അതേസമയം, മുന്‍പ് രണ്ടുതവണ 5 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും ഏതാനും ദിവസം മാത്രം ജയിലില്‍ കിടന്ന് അപ്പീലിലൂടെ രക്ഷപ്പെട്ട സല്‍മാന് അതിന്റെ ആവര്‍ത്തനമാകുമോ ഇതെന്ന് ചിന്തിക്കുന്നവരുണ്ട്. പക്വമതിയായി മാറിയ, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ പുതിയ സല്‍മാന് ഈ ശിക്ഷ കടുത്തുപോയെന്ന് കരുതുന്ന വേറൊരു വിഭാഗവും ഉണ്ട്. ചോദ്യം ഇതാണ്– മുഖം നോക്കാത്ത നീതി, സല്‍മാനിലൂടെ നല്‍കുന്ന സന്ദേശം എങ്ങനെ വായിക്കണം? 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ബോളിവുഡിന് വഴങ്ങുന്ന നീതി സിനിമയിലെ വീരനായകന്റെ കയ്യൂക്കിന്റെ  നീതിയാണ്. ഒഴിവുനേര വിനോദത്തിനായി കൃഷ്ണമൃഗവേട്ട നടത്തിയ നായകനെ നീതിപീഠം ശിക്ഷിച്ചത് അവര്‍ക്ക് ദഹിക്കുന്നില്ല. കണ്ടുപഠിക്കാത്തവര്‍ കൊണ്ടുപഠിക്കട്ടെ.