കെ.എസ്‌.ആര്‍.ടി.സിയിൽ മനുഷ്യജീവന് പുല്ലുവിലയോ ?

ഡ്രൈവര്‍മാര്‍ യന്ത്രങ്ങളല്ല. അവര്‍ ഊണും ഉറക്കവും ആവശ്യമായ മനുഷ്യരാണ്. കെ.എസ്.ആര്‍.ടി.സി ഇന്നാട്ടിലെ മനുഷ്യരെയും കയറ്റിപ്പോകുന്ന ശകടവുമാണ്. ആ നിലയ്ക്ക് 23 മണിക്കൂര്‍ ഉറങ്ങാതെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍ വളയം തിരിക്കുന്നത് മരണത്തിലേക്കുമാകാം. ഒരുപാട് ജീവനുകള്‍ പണയംവച്ചുള്ള സര്‍വീസ് സര്‍ക്കസാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നതെന്ന് ചുരുക്കം. ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവറുടെ ജോലിഭാരം കുറയ്ക്കാന്‍ കൊണ്ടുവന്ന നടപടികള്‍ക്ക് തുരങ്കം വച്ചതാരെന്നും അറിയണം. മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന ചങ്കിടിപ്പിക്കുന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യമിതാണ്. മനുഷ്യജീവന് കെ.എസ്.ആര്‍.ടി.സി കല്‍പിക്കുന്നത് പുല്ലുവിലയോ?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി പുന:ക്രമീകരിച്ചില്ലെങ്കില്‍ ആപത്ത് ഏതുനിമിഷവും ഉണ്ടാകാം. മറ്റുതാല്‍പര്യങ്ങള്‍ മാറ്റിവച്ച് മാനേജ്മെന്റും ജീവനക്കാരും ആദ്യം ജീവനു സുരക്ഷ നല്‍കൂ. സേഫ്റ്റി ഫസ്റ്റ്.