ഈ പിടിച്ചുപറിക്ക് അവസാനമില്ലെന്നാണോ?

നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്ക് കൊണ്ടുവന്ന ഗ്രനൈറ്റ് ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്ക് നല്ല നമസ്കാരം. നിങ്ങള്‍ ഇന്നാടിനെ ഒരിക്കല്‍ കൂടി നോക്കുകുത്തി ആക്കിയിരിക്കുന്നു. ഇന്നാട്ടിലെ മുഖ്യമന്ത്രിയെ, മന്ത്രിയെ, നിങ്ങളുടെ തന്നെ നേതാക്കളെ, ഇവരെയെല്ലാം വിശ്വസിച്ചുപോയ പാവം ജനങ്ങളെ എല്ലാം നോക്കുകുത്തിയാക്കിയിരിക്കുന്നു. ഒരു ലക്ഷം രൂപ ചോദിച്ച് കിട്ടാതെ വന്നപ്പോള്‍ കാല്‍ ലക്ഷമാണെങ്കില്‍ അത് വാങ്ങി,  

ചരക്കിറക്കാന്‍ ചെറുവിരല്‍ അനക്കാതെ നടന്നുപോയപ്പോള്‍ നിങ്ങള്‍ ചിരിച്ച ആ ആക്കിയ ചിരിയുണ്ടല്ലോ, അത് ഈ നാടിന്റെ മുഖത്തേക്കുള്ള കാര്‍ക്കിച്ചു തുപ്പലാണ്. നാടിന്റെയും തൊഴില്‍ സംസ്കാരത്തിന്റെയും ശാപമെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ വിശേഷിപ്പിച്ച നോക്കുകൂലി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം വച്ചിരിക്കുന്ന ഡെഡ്്ലൈന്‍ അടുത്ത രാജ്യാന്തര തൊഴിലാളി ദിനമാണ്. അതായത് കൃത്യം ഒരുമാസം അപ്പുറം മെയ് 1. സുധീര്‍ കരമനയ്ക്ക് ഉണ്ടായ അനുഭവവും നാട്ടില്‍ പലര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുഭവവും നല്‍കുന്ന സൂചന ഈ തീയതിക്കപ്പുറം നോക്കുകൂലി ചരിത്രമാകും എന്നാണോ? അതോ അത് ചരിത്രമുള്ള കാലത്തോളം നമ്മെ വേട്ടയാടും എന്നാണോ?

 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– 

പ്രഖ്യാപനം കൊണ്ട് ഇല്ലാതാകുന്നതല്ല നോക്കുകൂലി. അതിന് കൊള്ളയടിക്കലിന് തുല്യമായ ശിക്ഷ ഉറപ്പാക്കും വിധം നിയമനടപടി വേണം. തൊഴിലാളിയെ മാനിക്കാം, തൊഴിലിന്റെ പേരിലുള്ള പിടിച്ചുപറിയെ മാനിക്കേണ്ട ബാധ്യത കേരളത്തിനില്ല.