കേരളാ പൊലീസിനെ ഇങ്ങനെ സഹിക്കണോ?

സംസ്ഥാന പൊലീസിന് ഇതെന്തുപറ്റി എന്നുചോദിക്കുന്നതില്‍ പുതുമ ഇല്ലാതായിരിക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനുശേഷം പൊലീസിന്റെ വീഴ്ചകള്‍ അദ്ദേഹത്തിനു തന്നെ നിയമസഭയില്‍ എണ്ണിപ്പറയേണ്ടി വന്നത്  കുറഞ്ഞത് 5 തവണയാണ്. പൊതുവേദികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പരസ്യമായി മുന്നറിയിപ്പു നല്‍കിയത് അതിലേറെ തവണ. എന്നിട്ടും പൊലീസിന് ഒരു മാറ്റവുമില്ല. പൊലീസ് വാഹനം തടഞ്ഞതിന്റെ പേരില്‍ അപകടത്തില്‍ പെട്ട് മരിക്കുക, ഗവര്‍ണര്‍ക്ക് വഴിമാറിക്കൊടുത്തിട്ടും മുതിര്‍ന്ന പൗരന്റെ മൂക്കിടിച്ച് തെറിപ്പിക്കുക, യുവാവിനെ കേട്ടാലറയ്ക്കുന്ന തെറി പറയുക തുടങ്ങിയ കലാപരിപാടികള്‍ നടന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അതായത്, പൊലീസിന് അവരുടെ സ്വന്തം വഴി. നിയന്ത്രിക്കേണ്ടവര്‍ ഫേസ് ബുക്കിലും ചാനല്‍ മൈക്കുകള്‍ക്കു മുന്നിലും പ്രസംഗവേദികളിലും പ്രതികരിച്ച് സംതൃപ്തി അടയുന്നു. ഏത് പ്രശ്നത്തിനും പരിഹാരം സസ്പെന്‍ഷന്‍. സസ്പെന്‍ഡ് ചെയ്യാന്‍ മറന്നാലും അത് പിന്‍വലിക്കാന്‍ ഒരിക്കലും മറക്കില്ല. അങ്ങനെ മുഖ്യമന്ത്രിക്കൊത്ത ഡി.‍ജി.പി അഥവാ ചക്കിക്കൊത്ത ചങ്കരന്‍ എന്നതാണ് പൊലീസ് തലപ്പത്തെ നില. കേരളം ഇത് ഇങ്ങനെ സഹിക്കണോ? 

നിലപാട്

പൊലീസ് നിലവിട്ട് പെരുമാറിയ സംഭവങ്ങള്‍ എല്ലാംകൂടി ചേര്‍ത്താല്‍ കിട്ടുന്ന ചിത്രം ഡ്രൈവിങ് സീറ്റില്‍ ആളില്ലാത്ത ഒരു വാഹനത്തിന്റേതാണ്. 

പൊലീസിനെ ഫലപ്രദമായി മുന്നോട്ടു നയിക്കുന്നതില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍ തോല്‍വിയാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്്റയാകട്ടെ, ഭൂലോക തോല്‍വിയും.