സ്റ്റേഡിയത്തെച്ചൊല്ലി എന്തിനീ തീവ്രവാദം ?

കൊച്ചി സ്റ്റേഡിയമാണ് പ്രശ്നം. ക്രിക്കറ്റ് വന്നപ്പോഴൊക്കെ ആവേശക്കടല്‍ തീര്‍ത്ത, ഫുട്ബോളുവന്നപ്പോഴും അതേ ആരവം തീര്‍ത്ത കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ എന്ത് കളി നടക്കണം? അല്ലെങ്കില്‍ നടക്കരുത്? ഇതാണ് വിഷയം. ഒരു രാജ്യാന്തര ക്രിക്കറ്റ് മല്‍സരമെന്ന..... സ്വതവേ കേരളത്തിനാകെ സന്തോഷം തരേണ്ട ഒരു വാര്‍ത്തയാണ് ഫുട്ബോള്‍– ക്രിക്കറ്റ് പ്രേമികളെ പക്ഷെ ദൗര്‍ഭാഗ്യകരമാംവിധം രണ്ടുപക്ഷത്താക്കിയത്. നവംബര്‍ ഒന്നിന് ക്രിക്കറ്റ് നടന്നാല്‍ അടുത്ത സീസണ്‍ ഐഎസ്എല്‍ ഫുട്ബോള്‍ പറ്റുമോ? ഇതാണ് ചോദ്യം. പറ്റുമെന്ന് ആധികാരികമായി ആര്‍ക്കെങ്കിലും പറയാന്‍ പറ്റിയാല്‍ പിന്നെന്തിന് നമ്മളിതില്‍ തര്‍ക്കിക്കണം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്–അങ്ങനെ ആധികാരികമായി പറയാന്‍ വിദഗ്ധരുണ്ടാകണം. അവര്‍ പറയണം. അങ്ങനെ ക്രിക്കറ്റ് സീസണില്‍ ക്രിക്കറ്റും ഫുട്ബോള്‍ കാലത്ത് ഫുട്ബോളും കളിക്കട്ടെ. അല്ലെങ്കില്‍ ലോകനിലവാരത്തില്‍ പണിത ഫുട്ബോള്‍ ടര്‍ഫിനെ ദുര്‍വിധിക്ക് വിട്ടുകൊടുക്കരുത്. രണ്ട് സ്പോര്‍ട്ടിനും ഇടമുണ്ടെങ്കില്‍പ്പിന്നെ നമുക്കെന്തിനാണ് ക്രിക്കറ്റ് വേണ്ട, ഫുട്ബോള്‍ വേണ്ട എന്ന തീവ്രവാദം?