തിര‍ഞ്ഞെടുപ്പിന് വിട്ടുകൂടെ വിശ്വാസങ്ങൾ ?

സി.കെ.വിനീത് നാടിന്റെ അഭിമാനമാണ്. ഫുട്ബോളറെന്ന നിലയ്ക്ക് മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും മലയാളിക്ക് അഭിമാനിക്കാം അദ്ദേഹത്തെ ഓര്‍ത്ത്. മകന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളത്തില്‍ 'ഒന്നുമില്ല" എന്ന് രേഖപ്പെടുത്തി വിനീത്. മകന്‍ വളര്‍ന്നുവരുമ്പോള്‍ അവന്റെ ഇഷ്ടത്തിനൊത്ത നിലപാട് എടുക്കട്ടെ എന്നാണ് വിനീത് എന്ന അച്ഛന്റെ തീരുമാനം. മതത്തിന്റെ പേരില്‍ അനാരോഗ്യകരമായ ഭിന്നത വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തില്‍ തികച്ചും മാതൃകാപരം എന്നേ ഈ തീരുമാനത്തെ വിശേഷിപ്പിക്കാനുള്ളൂ.  സാമൂഹ്യമാധ്യമങ്ങളില്‍ വിനീതിന് ലഭിക്കുന്ന കയ്യടികള്‍ക്കൊപ്പമുണ്ട് ഞങ്ങളും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.  

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ജനിക്കുന്നത് മനുഷ്യജീവനാണ്. ആ ജീവനുമേല്‍ അച്ഛനമ്മമാരുടെ മതം അടിച്ചേല്‍പിക്കരുത്. പ്രയാപൂര്‍ത്തിയാകുമ്പോള്‍ മതം തിരഞ്ഞെടുക്കാന്‍ മനുഷ്യനെ അനുവദിക്കുക. തിരഞ്ഞെടുക്കാന്‍ തോന്നുംവിധം നന്നാവേണ്ടത് മതമാണ്.