മരണത്തിലേക്കൊരു ചരിത്രവിധി

അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നുവെന്ന് ചരിത്രവിധിയില്‍ സുപ്രിംകോടതി. അതിനാല്‍ ഐച്ഛികമായ ദയാവധം  പഴുതടച്ചുള്ള നിബന്ധനകളോടെ  അനുവദിച്ചുകൊണ്ട് ഇന്ത്യന്‍ നീതിന്യായനടത്തിപ്പിനെ ആധുനികലോകത്തിന്റെ ചിന്താധാരയ്ക്കൊപ്പം ഉയര്‍ത്തുന്ന വിധി. വേദന സഹിച്ചും പ്രതീക്ഷ കെട്ടും ജൈവിക വികാരങ്ങളില്ലാതെയും  ജീവിക്കുന്നതിനേക്കാള്‍  അന്തസ്സുള്ള മരണം വരിക്കാന്‍ പൗരന് നിയമവഴി തുറക്കുന്ന വിധി. നെറ്റി ചുളിക്കുന്നവരുണ്ടാകാം, പക്ഷേ ഈ വിധി കാലത്തിന്റെ അനിവാര്യതയാണ്. 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ദയാവധത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കേണ്ട നിലയിലെത്തിയ പരശതം മനുഷ്യര്‍ക്കു മുന്നില്‍ സുപ്രിംകോടതി തെളിച്ച തിരിനാളമാണ് ഈ വിധി. ജീവനോടുള്ള ആത്മീയ അഭിനിവേശം മാറ്റിവച്ച് ചിന്തിച്ചാല്‍ ദൈവങ്ങള്‍ക്കുപോലും അംഗീകരിക്കേണ്ടിവരും, കരുണ കലര്‍ന്ന ഈ നീതിസ്പര്‍ശം.