സർക്കാർ നടപടിയല്ലേ അനൗചിത്യം ?

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രാവിലെ വ്യക്തമാക്കിയ രണ്ട് നിലപാടുകളാണ് ഇന്ന് വലിയ വാര്‍ത്തകളായത്. ഒന്നാമത്തേത് ഷുഹൈബ് കേസിനെക്കുറിച്ചുള്ളത്. അത് പിന്നെ സിബിഐ അന്വേഷണ ഉത്തരവോടെ വന്‍ വിവാദമായി. രണ്ടാമത്തേതിലേക്കാണ് ഇന്ന് ഒന്‍പതുമണി ചര്‍ച്ച. കെഎം മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയ ദിവസം നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി. വിശാലതാല്‍പര്യം പരിഗണിച്ചാണ് ഇതെന്നും നിലപാട് പറച്ചില്‍. എന്താണ് അക്രമംകാട്ടിയ എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിലെ വിശാലതാല്‍പര്യം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – നിലമറന്നുള്ള കയ്യാങ്കളികൊണ്ട് മഹത്തായ ജനാധിപത്യ സ്ഥാപനത്തെയാണ് ആ എംഎല്‍എമാര്‍ അപായപ്പെടുത്തിയത്, അപകീര്‍ത്തിപ്പെടുത്തിയത്. ആ കേസ് ഭരണാധികാരംകൊണ്ട് പി‍ന്‍വലിക്കേണ്ടതല്ല. അങ്ങനെ പിന്‍വലിക്കുന്നതിലെ വിശാലതാല്‍പര്യം ജനത്തിന്റേതല്ല, സങ്കുചിത രാഷ്ട്രീയത്തിന്റേതുമാത്രമാണ്. ചോരവീഴ്ത്താന്‍ മടിയില്ലാത്ത അണികളുള്ള രാഷ്ട്രീയപ്രസ്ഥാനം ആ അണികള്‍ക്ക് ഇതിലൂടെ നല്‍കുന്നുമുണ്ട് വ്യക്തമായൊരു സന്ദേശം. സമൂഹത്തിന് ദുസ്സൂചനയും.