മാർ ജോർജ് ആലഞ്ചേരിക്കെതിരായ അന്വേഷണം സഭയ്ക്കു മുന്നിൽ വെല്ലുവിളിയോ?

സാമ്പത്തിക തിരിമറിക്കും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സഭാസമിതികളെക്കൂടി വിശ്വാസത്തിലെടുത്ത് നടത്തേണ്ട ഭൂമിയിടപാട് തീര്‍ത്തും അതാര്യമായും സംശയകരമായും നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നാണ് കോടതി നിലപാട്. സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലാദ്യമായി നാട്ടിലെ സിവില്‍ നിയമങ്ങളുടെ ഉരകല്ലില്‍ കാനന്‍ നിയമത്തിന്റെ സാധുത പരിശോധിക്കപ്പെടാന്‍ പോകുന്നു. അ‌ഥവാ കാനന്‍ നിയമം തന്നെ കുറ്റകരമായ വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് പൊലീസ് പരിശോധിക്കാന്‍ പോകുന്നു. സഭയുടെ സ്വത്തിന്റെ ആത്യന്തിക അവകാശികള്‍ മെത്രാന്‍മാരല്ല, സാധാരണ വിശ്വാസികളാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് സഭയ്ക്കു മുന്നില്‍ വയ്ക്കുന്നത് വെല്ലുവിളിയോ സാധ്യതയോ? 

നിലപാട്

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – രാജ്യത്തെ നിയമത്തിന്റെ പരിശോധനയ്ക്ക് അതീതമല്ല ഏത് സ്വത്ത് ഇടപാടും. എറണാകുളം –  അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെങ്കില്‍  നിയമപ്രകാരം പരിശോധിക്കപ്പെടണം. ആത്മീയതയുടെ പരിശുദ്ധിക്ക് ആവശ്യം സുതാര്യതയാണ്. ഒപ്പം, സഭയിലായാലും സാധാരണക്കാരനെ പരമാധികാരിയാക്കുന്ന ജനാധിപത്യകോടതിയുടെ വിധിക്ക് സുസ്വാഗതം.