ആരെ കാണിക്കാനാണ് ആ കാരണം കാണിക്കൽ ?

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം ബാലപീഡനമാണെന്ന ആക്ഷേപം ഉന്നയിച്ചതിന് ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തി, വിവാദപരാമര്‍ശം നടത്തി, നിഷ്പക്ഷത ലംഘിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. ഐ.പി.എസ് ഉദ്യോഗസ്ഥയുടെ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഈ കുറ്റങ്ങള്‍. 

മന്ത്രി കടകംപള്ളി പറഞ്ഞതില്‍ ഇത്രയും കാര്യങ്ങളുണ്ട്. കുത്തിയോട്ടം വിവാദമാക്കേണ്ടതില്ല. ഡി.ജി.പി ആര്‍.ശ്രീലേഖ പറഞ്ഞതുപോലെ ബാലാവകാശ ലംഘനമുണ്ടെങ്കില്‍ പരിശോധിക്കും. ആചാരങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏത് നിലപാടാണ് കുത്തിയോട്ടവുമായി ബന്ധപ്പെട്ട് ശ്രീലേഖ പറഞ്ഞതിനു വിരുദ്ധമാകുന്നത്? ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി സര്‍, സര്‍ക്കാരിന്റെ ഏതു നിലപാടിനു വിരുദ്ധമായി നിലപാട് എടുത്തുവെന്ന കുറ്റത്തിനാണ് ശ്രീലേഖ താങ്കള്‍ക്ക് വിശദീകരണം നല്‍കേണ്ടത്? എന്തു പറഞ്ഞിട്ടാണ് ശ്രീലേഖ സര്‍ക്കാരിന്റെ സല്‍പേരിനു കളങ്കം വരുത്തിയത്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– കുത്തിയോട്ടത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.  ആറ്റുകാല്‍ ഭരണസമിതിക്കാരേ, നിങ്ങളെ ഞങ്ങളിതാ ഒരുകാരണവശാലും നോവിക്കില്ലെന്ന് ആരും ആവശ്യപ്പെടാതെ പറയാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതാപ്രകടനം മാത്രമാണ് ഈ നോട്ടീസ്.