കുത്തിയോട്ടം ബാലപീഡനമോ ?

ആറ്റുകാലമ്മയുടെ ഭക്തയാണ്  ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ഐ.പി.എസ് നേടാന്‍ പ്രാര്‍ഥിച്ച് മൂന്നുവര്‍ഷം പൊങ്കാലയിട്ടു. മൂന്നാമത്തെ പൊങ്കാല കഴിഞ്ഞപ്പോഴേക്കും ഐ.പി.എസ് സിലക്ഷനായി. അതിനുശേഷമുള്ള വര്‍ഷങ്ങളിലും നന്ദി സൂചകമായി പൊങ്കാലയിട്ടു. പക്ഷേ ഇത്തവണ അവര്‍ പൊങ്കാലയിടുന്നില്ല. പൊങ്കാലയുടെ ഭാഗമായി കുത്തിയോട്ടം എന്ന ആചാരത്തിന്റെ പേരില്‍ കുട്ടികളുടെ ശരീരത്തില്‍ കൊളുത്തിടുന്നതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ശ്രീലേഖയുടെ ബ്ലോഗില്‍ അവര്‍ എഴുതിയത് അനുസരിച്ച് ഇത് ബാലപീഡനവും ബാലസുരക്ഷാ നിയമങ്ങളുടെ ലംഘനവുമാണ്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ മകന്റെ ഉദാഹരണം വച്ചാണ് അവര്‍ ഇക്കാര്യം പറയുന്നത്. വര്‍ഷം തോറും നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന കുത്തിയോട്ടച്ചടങ്ങിനെക്കുറിച്ച് ഡി.ജി.പി ആര്‍.ശ്രീലേഖ തെറ്റിദ്ധരിക്കപ്പെട്ടോ? അതോ അവര്‍ പറഞ്ഞതാണോ ശരി? വിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ആറ്റുകാല്‍ പൊങ്കാല സ്ത്രീലക്ഷങ്ങളുടെ വിശ്വാസാര്‍പ്പണത്തിന്റെ വിശുദ്ധിയുള്ള ചടങ്ങാണ്. അതിനുമേല്‍ കുഞ്ഞുങ്ങളുടെ അവകാശലംഘനത്തിന്റെ കറ വീഴുന്നുണ്ടെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ പറയുമ്പോള്‍ അതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ബന്ധപ്പെട്ടവര്‍ വേണം ഈ ആശങ്ക അകറ്റാന്‍. ആചാരത്തിന്റെ പേരില്‍ ബാലരക്തം പൊടിയുന്നില്ലെന്ന് ഉറപ്പിക്കാന്‍ നമുക്കു കഴിയണം.