അത്രമേൽ അധഃപതിച്ചോ കേരളവും ?

മധുവിന്റെ മരണം സമൂഹത്തിലെ അവശവിഭാഗങ്ങളോടുള്ള സമീപനമാണ് വെളിപ്പെടുത്തുന്നത് . വികസിച്ചുകൊണ്ടിരിക്കുന്ന, ഒരു മൊബൈല്‍ ഫോണും അത്യാവശ്യത്തിന് കച്ചവടം നടത്തി പണവും കയ്യിലുള്ള മധ്യവര്‍ഗം ആദിവാസിയോടും ഭിക്ഷാടകനോടും ട്രാന്‍സ്ജെന്‍ഡറിനോടും ഇതരസംസ്ഥാന തൊഴിലാളിയോടും സ്ത്രീയോടും കാണിച്ചുകൊണ്ടിരിക്കുന്ന അന്യത്വം, അധീശത്വം. വൈറലാകുന്നത് ഈ മനോഭാവമാണ്. ഇക്കാര്യത്തില്‍ കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല. സമൂഹമാധ്യമങ്ങളില്‍ ഇന്ന് ഉറഞ്ഞുതുള്ളിയവര്‍ ഇന്നലെ ഇതേ വിഭാഗങ്ങളെ ട്രോള്‍ ചെയ്തവരാണ്. നാട്ടുകാര്‍ എന്ന മുഖമില്ലാത്ത പ്രതി നാടൊട്ടുക്ക് മുഖമുള്ളവനാണ്.  പ്രതിക്കൂട്ടില്‍ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നത് തൊപ്പിവച്ച മറ്റൊരു മുഖമാണ്. നിയമപാലകന്‍. ഒന്നും രണ്ടുമല്ല, 20 സംഭവങ്ങള്‍ നടന്നിട്ടുണ്ട് ഈ അടുത്തകാലത്തായി കേരളത്തില്‍, ആള്‍ക്കൂട്ട വിചാരണ എന്ന് വിളിക്കാവുന്ന ഗണത്തില്‍ പെടുന്നത്. ഇതില്‍ ആകെ നാലു കേസിലാണ് പൊലീസ് പ്രതികളെ പിടിച്ചത്. മാധ്യമങ്ങളില്‍ ചര്‍ച്ചയായ കേസുകളില്‍ പോലും പ്രതികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ജാമ്യത്തില്‍ വിട്ടു. ഏതെങ്കിലും ഒരു കേസില്‍ നാട്ടുകാര്‍ക്ക് ബോധ്യപ്പെടുന്ന നടപടി പൊലീസില്‍ നിന്ന് ഉണ്ടായിരുന്നെങ്കില്‍, ആള്‍ക്കൂട്ട വിചാരണയ്ക്ക് ഊരിപ്പോരാനാകാത്ത നിയമക്കുരുക്ക് വീഴുമെന്ന മുന്നറിയിപ്പ് കേവലമായ ഉപദേശത്തിനപ്പുറം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മധു ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. അതിനാല്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന സ്ഥിരം പല്ലവിയും മലയാളി സംസ്കാരത്തിന് എന്തുപറ്റിയെന്ന വിലാപവും നിര്‍ത്തിക്കോളൂ, പ്രതി പൊലീസ് സ്റ്റേഷനില്‍ ഹാജരുണ്ട്.

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച നിലപാട് വ്യക്തമാക്കുന്നു– മധുവിനെ മര്‍ദിച്ച് കൊന്നവര്‍ക്ക് മാത്രമല്ല ഈ കൊലയുടെ ഉത്തരവാദിത്തം. ആള്‍ക്കൂട്ട വിചാരണ നടത്തുന്നവരെ കണ്ടെത്തി മതിയായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട പൊലീസിനു കൂടിയാണ്. സമൂഹത്തിലെ അവശര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഹൃദയശൂന്യത കാട്ടുന്ന ഭരണകൂടത്തിനു കൂടിയാണ്. കൊല സംസ്കാരമാക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് കൂടിയാണ്.