പ്രതിരോധ കുത്തിവയ്പ് രേഖ നിർബന്ധമാക്കണോ ?

സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്പ് നടത്തിയതിന്റെ രേഖ നിര്‍ബന്ധമാക്കണോ? വേണം എന്നാണ് കേരളത്തിന്റെ സമഗ്ര ആരോഗ്യനയത്തിനുള്ള കരടില്‍ ശുപാര്‍ശ ചെയ്യുന്നത്. പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ബി.ഇഖ്ബാല്‍ അധ്യക്ഷനായുള്ള സമിതി തയ്യാറാക്കിയ കരട് നയത്തിന്റെ ഈ ശുപാര്‍ശ പാതിമനസ്സോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ലോകത്തിന് സംഭാവന ചെയ്ത ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാന പ്രമാണമാണ് രോഗപ്രതിരോധം. നമ്മുടെ സംസ്ഥാനത്ത് ആ പ്രമാണം സമ്പൂര്‍ണമായും സംശുദ്ധമായും നടപ്പാക്കുന്നതിനുള്ള ഒരു നടപടിയാണ് കരടിലെ ശുപാര്‍ശ. വാക്സിനേഷന്‍ വിരുദ്ധ പ്രചാരണത്തിലേര്‍പ്പെടുന്ന വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മുന്‍കൂട്ടി കണ്ട് ആ ശുപാര്‍ശ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മടികാണിക്കരുത്. രോഗപ്രതിരോധത്തിന്റെ വിജയശതമാനം ജീവനുള്ള സമൂഹത്തിന്റെ ആരോഗ്യസൂചികയാണ്. 

9 മണിചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– സ്കൂള്‍ പ്രവേശനത്തിന് രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയതിന്റെ രേഖ നിര്‍ബന്ധമാക്കുന്നതില്‍ ഒരു തെറ്റുമില്ല. വാക്സിനേഷന് എതിരായി നടക്കുന്ന കുപ്രചാരണങ്ങള്‍ രക്ഷിതാക്കള്‍ക്ക് മുന്നില്‍ ഒരു വലിയ മതില്‍ ഉയര്‍ത്തിയിട്ടുണ്ട്. അത് തകരാന്‍ ഒരു കനത്ത പ്രഹരം തന്നെ വേണം.