നിരക്ക് കൂട്ടിയിട്ടും സമരമെന്തിന് ?

ബസ് സമരമാണ് പ്രശ്നം. എന്തിനാണീ സമരം? സമരമില്ലാതെതന്നെ ഒരു രൂപ അടിസ്ഥാന നിരക്കില്‍ത്തന്നെ കൂട്ടിയശേഷമുള്ള ഈ സമരത്തിന് എന്തുണ്ട് ന്യായം? ചോദിക്കുന്നവരൊക്കെ അവിടെ നില്‍ക്കട്ടെ. ഇതൊന്നും ആര്‍ക്കും പ്രശ്നമല്ല. നാലുദിവസംവരെ നോക്കിയിരുന്നിട്ടാണ് നമ്മുടെ സര്‍ക്കാര്‍ സമരത്തിനെതിരെ ഒരു ചെറു ചുവടെങ്കിലും വയ്ക്കുന്നത്. ബസുടമകള്‍ക്ക് നോട്ടിസ് നല്‍കും. ഓടാതിരിക്കാന്‍ മതിയായ കാരണം പറയാനില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇനി പ്രതികരിക്കേണ്ടത് ബസുടമകളാണ്. പലയിടത്തും ചെറിയതോതിലാണെങ്കിലും ബസുകള്‍ ഓടിത്തുടങ്ങുന്നതും ഇന്നുകണ്ടു. അപ്പോള്‍ ബസ് ഓടാതെയുള്ള ഈ അതിക്രമത്തിന് മതിയായ ഒരു കാരണമുണ്ടോ?

9 മണിചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഒരു സമരത്തിനും ഇറങ്ങാതെതന്നെ ഒരുരൂപ മിനിമം നിരക്കില്‍ കൂട്ടിനല്‍കി സര്‍ക്കാര്‍. അതുപോരെന്നാണെങ്കില്‍ അത് പറയാന്‍ ബസ് ഉടമകള്‍ക്ക് അവകാശമുണ്ട്. അതുപക്ഷെ കൂട്ടിക്കിട്ടിയതിന് പിന്നാലെ ജനത്തിന്റെ മുഖത്തടിച്ച് സമരം ചെയ്യലല്ല. സര്‍ക്കാരിനെയും മാനിക്കില്ലെന്ന ധാര്‍ഷ്ട്യമല്ല. പേരിനെങ്കിലും ഒരു നടപടിക്ക് നാലുദിവസം കാത്തിരുന്ന സര്‍ക്കാരും ജനത്തിന്റെ ദുരിതം കണ്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു.  ഒരുകാര്യംകൂടി. 

മിനിമം ചാര്‍ജില്‍ തൊടാന്‍ സമ്മതിക്കില്ലെന്ന് നിലപാടെടുക്കുന്ന വിദ്യാര്‍ഥിസംഘടനകള്‍ വിദ്യാര്‍ഥികളുടെ ഒരുതാല്‍പര്യത്തെയും സംരക്ഷിക്കുന്നുമില്ല.