എഴുത്തുകാരല്ല.. മാറേണ്ടത് കോൺഗ്രസ്സുകാർ

സുധാകരന്‍ പറയുന്നത് ശരിയാണോ? സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും സി.പി.എമ്മിനെ പേടിയാണോ? കണ്ണൂരിലെ ഷുഹൈബ് വധത്തില്‍ മുന്‍നിര എഴുത്തുകാര്‍ പ്രതികരിക്കാതിരിക്കുന്നതിന് ന്യായീകരണമില്ല. മരം മുറിക്കുമ്പോള്‍ മാത്രമല്ല മനുഷ്യന്റെ ചോരവീണിടത്തും പ്രതികരിച്ചവരാണ് അവര്‍. ടി.പി വധത്തോടുള്ള കേരള മനസ്സാക്ഷിയുടെ പ്രതികരണം സാംസ്കാരിക ലോകത്തിന്റെ രോഷം കൂടിച്ചേര്‍ന്നതായിരുന്നു. പക്ഷേ ഷുഹൈബ് വധത്തിന്റെ ഫാസിസ്റ്റ് മാനം തിരിച്ചറിയുന്നതില്‍ ഈ സമയംവരെ അവര്‍ക്ക് പിഴച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം കേരളത്തിലെ ബുദ്ധിജീവികള്‍  സി.പി.എമ്മിന്റെ ചൊല്‍പ്പടിയിലാണെന്നു പറയുന്ന സുധാകരന്‍ വരുത്തുന്നത് വലിയ പിഴവാണ്. സി.പി.എമ്മിനെ ആര്‍ക്കാണ് പേടി? പക്ഷേ കോണ്‍ഗ്രസിനെ എന്തിന് പിന്തുണയ്ക്കണം? ജനാധിപത്യവേദികളിലേക്ക് എഴുത്തുകാരെ സ്വാഗതം ചെയ്യാന്‍ എന്ത് പദ്ധതിയുണ്ട് കോണ്‍ഗ്രസിന്? 

9 മണിചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– കേരളം ബുദ്ധിജീവികളുടെ നാടാണ്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ നാട്. എന്തിനെയും രാഷ്ട്രീയമായി മനസ്സിലാക്കുന്നവരുടെ നാട്. അവരെ നയിക്കുന്ന സാംസ്കാരിക നേതൃത്വത്തോട് ഒരു ക്രിയാത്മക സംവാദത്തിന് പദ്ധതിയില്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. സി.പി.എമ്മിനെ പേടിക്കാനല്ല എഴുത്തുകാര്‍ക്ക് കാരണങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസിനെ ഗൗരവത്തില്‍ എടുക്കാതിരിക്കാനാണ്.