തീരുവയുടെ പേരിൽ തീരാക്കൊള്ള

ഇക്കണ്ട ദൃശ്യം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവിലവര്‍ധനയ്ക്ക് എതിരേ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയ കാളവണ്ടി സമരം. ലജ്ജ എന്നൊന്ന് അവശേഷ·ിക്കുന്നുണ്ടെങ്കില്‍ ഈ ദൃശ്യം കണ്ട് അവരിന്ന് തലകുനിക്കണം. കാരണം ഭരണത്തിലെത്തി നാലുവര്‍ഷമാകുമ്പോള്‍ അവര്‍ക്ക് സാധിച്ചത് ഇന്ധനവില ആര്‍ക്കും കീഴടക്കാനാകാത്ത ഉയരത്തിലേക്ക് കൊണ്ടുപോകാനാണ്. പെട്രോള്‍ വില ലീറ്ററിന് 76 രൂപയ്ക്കും ഡീസല്‍ വില ലീറ്ററിന് 68 രൂപയ്ക്കും മുകളില്‍. മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. അച്ഛേദിന്‍ വാഗ്ദാനത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് സ്വയം നാണംകെടാന്‍ ഉദ്ദേശിക്കുന്നില്ല. സാധാരണക്കാരുടെ  ജീവിതത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ കാപട്യം എന്തെന്ന് ഈ വിലനിലവാരം തന്നെ ബോധ്യപ്പെടുത്തട്ടെ. എക്സൈസ് തീരുവ കുറച്ച് ഇന്ധനവില കുറയ്ക്കാന്‍ ധനമന്ത്രിയോട് പെട്രോളിയം മന്ത്രാലയം തന്നെ ആവശ്യപ്പെടുന്ന നിലയെത്തി. എന്നിട്ടും പക്ഷേ നിര്‍വികാരമായ ഭരണകൂടം സാധാരണക്കാരന്റെ നേര്‍ക്ക് ഒരു ദയയുമില്ലാതെ തുറിച്ചുനോക്കുകയാണ്. ആ നോട്ടം ചതിയന്റെ നോട്ടമാണ്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ഇന്ധനവില ഉയരാന്‍ മുഖ്യകാരണം മോദി സര്‍ക്കാര്‍ നാലുവര്‍ഷമായി കൂട്ടിക്കൊണ്ടിരിക്കുന്ന എക്സൈസ് നികുതിയാണ്. ജനങ്ങളുടെ ജീവിതത്തിന് നരേന്ദ്ര മോദി ഒരുവിലയും കല്‍പിക്കുന്നില്ലെന്ന് തീര്‍ച്ചയാണ്. ഈ സര്‍ക്കാര്‍ പാവങ്ങളുടെയല്ല, അതിസമ്പന്നരുടെയാണ്, സംശയംവേണ്ട.