കുടുംബഭദ്രത എവിടെപ്പോയി ?

ഒരമ്മ കൗമാരക്കാരനായ മകനെ കഴുത്തുഞെരിച്ച് കൊല്ലുമെന്ന് പ്രതീക്ഷിക്കാന്‍ പ്രയാസമുണ്ട്. മരിച്ചശേഷം ശരീരം വികൃതമാക്കി കത്തിക്കുമെന്ന് കരുതാന്‍ അതിലും പ്രയാസം. പക്ഷേ ഇതെല്ലാം നമ്മുടെ അയല്‍പക്കത്ത് സംഭവിച്ചുകഴിഞ്ഞു. കൊല്ലം കൊട്ടിയത്തു നിന്നുള്ള വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. കുടുംബങ്ങളുടെ അടഞ്ഞ മുന്‍വാതിലുകള്‍ക്ക് പിന്നില്‍ കാമുകനുവേണ്ടിയും സ്വത്തിനുവേണ്ടിയും മക്കളെ വകവരുത്തുന്ന അമ്മമാരും അച്ഛന്‍മാരും ഉണ്ടെന്ന അറിവ് കേരളത്തിന്റെ നെഞ്ചുകലക്കുന്നു. സദാചാരത്തെ ജീവവായുവായി കാണുന്ന നമ്മുടെ കുടുംബങ്ങള്‍ക്കുള്ളില്‍ പുതിയ കാലത്തിന്റെ അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ വിഷവായു ആയി പടരുകയാണെന്ന് കാരണവന്‍മാര്‍ പറഞ്ഞേക്കാം. പക്ഷേ പുതിയ കാലത്തിന്റെ പ്രേരണകളെ കുടുംബങ്ങളില്‍ നിന്ന് കുറ്റിയിട്ടടച്ച് പുറത്താക്കാന്‍ കഴിയില്ലെന്ന് തിരച്ചറിയണം നമ്മള്‍. വരിഞ്ഞുമുറുകിയ കുടുംബബന്ധങ്ങളില്‍ പുത്തന്‍കാലം ചോരവീഴ്ത്തുന്ന കാഴ്ചയില്‍ അമ്പരന്നിട്ടു കാര്യമില്ല. കുടുംബത്തിന്റെ കെട്ടുറപ്പിനായി വാതിലുകള്‍‍ കൂടുതല്‍ കൂടുതല്‍ ഭദ്രമായി അടയ്ക്കുകയല്ല വേണ്ടത്. സാമൂഹിക മാറ്റങ്ങള്‍ കാറ്റും വെളിച്ചവുമായി കടന്നുവരാന്‍ അവ തുറന്നിടുകയാണ് വേണ്ടത്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- സമൂഹത്തിലാണ് ജീര്‍ണത, കുടുംബത്തിനുള്ളില്‍ എല്ലാം പരിശുദ്ധം എന്ന കാഴ്ചപ്പാട് ചോദ്യം ചെയ്യുന്നതാണ് കൊട്ടിയം, ചോറ്റാനിക്കര സംഭവങ്ങള്‍. സദാചാരമൂല്യങ്ങള്‍ കൊണ്ട് ചുവരുകളും വാതിലുകളും പണിതാല്‍ വിശുദ്ധമാകുന്നതല്ല കുടുംബം. അതിന്റെ അടഞ്ഞ അധികാരവ്യവസ്ഥയാണ് ചോദ്യംചെയ്യപ്പെടേണ്ടത്. തുറന്നിടാന്‍ കഴിഞ്ഞാലേ കേരളത്തില്‍ കുടുംബങ്ങളില്‍ ജനാധിപത്യത്തിന്റെ ശുദ്ധവായു കയറൂ. കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടിപ്പിടയുന്ന കുടുംബങ്ങള്‍ ഇല്ലാതാകട്ടെ. കുടുംബങ്ങളുടെ പുറംപൂച്ച് ചോദ്യംചെയ്യപ്പെടട്ടെ.