പ്രതിസന്ധി തീർക്കാൻ ഇനിയും എത്രനാൾ ?

ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഇതുവരെയില്ലാത്ത ഒരേടിന് രാജ്യം സാക്ഷിയായിട്ട് ഒരാഴ്ചയോളമെത്തുന്നു. ഈ സ്ഥാപനത്തെ രക്ഷിച്ചില്ലെങ്കില്‍ അപായപ്പെടുക ഇന്നാട്ടിലെ ജനാധിപത്യംതന്നെയെന്ന മുന്നറിയിപ്പോടെ ചീഫ് ജസ്റ്റിസിനെതിരെ നിലപാടെടുത്ത് നാല് ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഈ ദിവസങ്ങള്‍കൊണ്ട് എന്താണുണ്ടായത്? അങ്ങനെ പരസ്യമായി ഇറങ്ങിപ്പുറപ്പെടേണ്ടിവന്ന സാഹചര്യം ഏല്‍പിച്ച് മുറിവിന് ഈ ദിവസങ്ങള്‍കൊണ്ട് എന്തുണ്ടായി·? സമയബന്ധിതമായ പരിഹാരനീക്കങ്ങളുണ്ടോ കോടതിയുടെ നാലതിരുകള്‍ക്ക് ഇടയില്‍·?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്-നാല് ജഡ്ജിമാരുടെ പരസ്യപ്രതികരണംകൊണ്ട് തകര്‍ന്നുവീഴുന്നതല്ല കോടതിയില്‍ ജനത്തിനുള്ള വിശ്വാസം. പക്ഷെ പ്രതിഛായ ഇടിഞ്ഞു എന്നത് വാസ്തവമാണ്. അത് തിരികെപ്പിടിച്ചേ പറ്റൂ. പ്രശ്നങ്ങള്‍  ജനത്തെ അറിയിച്ച സ്ഥിതിയില്‍ പരിഹാരമറിയാനും അവകാശമുണ്ട് ഇന്നാടിന്. ഉന്നയിച്ച പ്രശ്നങ്ങളില്‍ എന്താണ് പരിഹാരമെന്ന്. അവസാന അത്താണിയായി കാണുന്ന ജനത്തോട് പറയണം ഇല്ല ഭയക്കേണ്ടതില്ല ഒന്നും സംഭവിക്കില്ല ഈ സ്ഥാപനത്തിനുമേല്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസത്തിനെന്ന്.