രാഷ്ട്രീയ ധാർമികത എവിടെപ്പോയി ?

ജെ.ഡി.യു യു.ഡി.എഫ് വിട്ട് വീണ്ടും എല്‍.ഡി.എഫിലേക്ക്. ഒരു പതിറ്റാണ്ടിനടുത്ത് കാലയളവ്, അതായത് 9 വര്‍ഷം, ഇടതുചേരിയില്‍ നിന്ന് മാറിനിന്നതിനുള്ള സോഷ്യലിസ്റ്റുകളുടെ പ്രായശ്ചിത്തമാണോ എന്നറിയില്ല, ഒരു ഉപാധിയും ഇല്ലാതെയെന്ന് ഇന്ന് കോടിയേരി പറഞ്ഞ പുനപ്രവേശം. തോറ്റുതിരിച്ചെത്തുന്ന കലഹപ്രിയനായ മകനെയെന്ന പോലെ വീരേന്ദ്രകുമാറിനെ ആശ്ലഷിച്ച് സ്വീകരിക്കാന്‍ ഇടതുമുന്നണി വാതില്‍ തുറന്നു വച്ചിരിക്കുന്നുവെന്ന് കോടിയേരി വെളിപ്പെടുത്തി. പക്ഷേ ആരാണ് ജെ.ഡി.യുവിനെ തോല്‍പിച്ചത്?· അവരല്ലാതെ? സ്ഥിരബുദ്ധിയോടെയുള്ള രാഷ്ട്രീയ തീരുമാനങ്ങളില്ലാതെ സ്വയം തോറ്റവര്‍. ഇതാണ് രാഷ്ട്രീയ ചേരിമാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമെന്ന് ഇടഞ്ഞുനിന്ന കെ.പി.മോഹനനേയും മനയത്ത് ചന്ദ്രനേയും വരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സോഷ്യലിസ്റ്റ് ആചാര്യന് കഴിഞ്ഞത്രേ. പക്ഷേ യു.ഡി.എഫിനെ കയ്യൊഴിയുന്നത് കയ്യിലുള്ളത് കളയാതെ ഉത്തരത്തിലുള്ളത് എടുക്കാനാണെന്ന് വീരചരിതം അറിയുന്നവര്‍ക്കറിയാം. ഒറ്റച്ചോദ്യത്തിന് വീരേന്ദ്രകുമാര്‍ ഉത്തരം പറഞ്ഞാല്‍ മതി. രാജിവച്ച രാജ്യസഭാ സീറ്റ് ഇനി ചോദിക്കില്ലെന്ന വാക്കുപാലിക്കാന്‍ താങ്കള്‍ തയാറുണ്ടോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- രാഷ്ട്രീയ അഭയം നല്‍കിയ മുന്നണിയെ തള്ളിപ്പറയാന്‍ മലയാളിക്ക് ബോധ്യപ്പെടുന്ന എന്ത് സാഹചര്യമാണ് ഉരുത്തിരിഞ്ഞതെന്ന് വീരേന്ദ്രകുമാര്‍ പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ അതിന്റെ പേര് വഞ്ചന എന്നാകും. ആദര്‍ശത്തിന്റെ മേലങ്കിയും അവസരവാദത്തിന്റെ അടിയുടുപ്പും തമ്മില്‍ ചേരില്ല സര്‍.