നിർണായക വഴിത്തിരിവിലേക്ക് ഇന്ത്യയും ?

രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് സ്വവര്‍ഗരതിക്കാര്‍ക്ക് സന്തോഷം പകരുന്ന നടപടി ഇന്ന് സുപ്രിംകോടതിയില്‍ നിന്നുണ്ടായി. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐ.പി.സിയിലെ 377 ാം വകുപ്പ് ഭരണഘടനാപരമായി നിലനില്‍ക്കുമെന്ന് വിധിച്ച 2013ലെ വിധി പുനപ്പരിശോധിക്കാന്‍ സാഹചര്യമൊരുക്കിക്കൊണ്ട് അതിനുള്ള ഹര്‍ജി മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടു. സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ടുള്ള സുപ്രധാനമായ ഭരണഘടനാബെഞ്ചിന്റെ വിധി വന്നപ്പോള്‍ മുതല്‍ എല്‍.ജി.ബി.ടി സമൂഹത്തിന് ഉണര്‍ന്ന പ്രതീക്ഷയാണ് ഇതോടെ കരുത്താര്‍ജിക്കുന്നത്. ലൈംഗികതയുടെ തിരഞ്ഞെടുപ്പ് സ്വകാര്യതയുടെ ഭാഗമാണെന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ കണ്ടെത്തല്‍ ഇനിയങ്ങോട്ട് ഈ കേസില്‍ അടിസ്ഥാനപ്രമാണമാകുമെന്നാണ് പ്രതീക്ഷ. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വകാര്യമായി പങ്കുവയ്ക്കുന്ന ലൈംഗികത അവരുടെ മൗലികാവകാശം ആയിരിക്കെ അതെങ്ങനെ ഒരു കുറ്റകൃത്യമായി മാറും എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- 160 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പ്രാകൃതനിയമമാണ് ഐ.പി.സി 377. 1960-ല്‍ ബ്രിട്ടനില്‍ തന്നെ സ്വവര്‍ഗരതി നിയമവിധേയമാക്കി. എന്നിട്ടും നാമിത് തുടരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടാത്ത ഏകവിഭാഗം എല്‍.ജി.ബി.ടി സമൂഹമാണ്. ഈ അനീതി അവസാനിച്ചേ മതിയാകൂ. റദ്ദാക്കൂ 377.