ട്രംപിനെ തള്ളാൻ കിമ്മോ കൂട്ട് ?

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞതാണ് ഈ വാക്കുകള്‍. ഉത്തരകൊറിയ അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ അതിന് കയ്യടിക്കും. സി.പി.എം കയ്യടിക്കും. പക്ഷേ ഉത്തര കൊറിയന്‍ സ്വേച്ഛാധിപത്യ ഭരണകൂടം ലോകത്തിന് ഉയര്‍ത്തുന്ന ഭീഷണിയെ ഈ പാര്‍ട്ടി എവിടെ നിര്‍ത്തും? അമേരിക്കയെ വരച്ചവരയില്‍ നിര്‍ത്തുന്നത് സ്വേച്ഛാധിപതിയായാലെന്ത്, അയാള്‍ക്ക് കമ്യൂണിസ്റ്റ് ലേബല്‍ മതി എന്നാണെങ്കില്‍ ഈ പാര്‍ട്ടി തുറന്നു പറയണം, ഉത്തരകൊറിയ ഞങ്ങളുടെ മാതൃകയാണെന്ന്. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കിം ജോങ് ഉന്നിന്റെ പടംവച്ച് പാര്‍ട്ടി സമ്മേളനത്തിന് ഫ്ലക്സ് വച്ചത് ഒരു കയ്യബദ്ധമായിരുന്നില്ലെന്ന്. ഒരുകാര്യം ഉറപ്പിച്ച് പറയാം. ജനാധിപത്യത്തെ തിരസ്കരിക്കുന്ന ഉത്തരകൊറിയയെ തള്ളിപ്പറയാതെ, ലോകത്തിന് ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് പറയാന്‍, സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ധാര്‍മിക അവകാശമില്ല.  തിരഞ്ഞെടുപ്പ് അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയിലല്ല, ഇവയ്ക്ക് രണ്ടിനും ഉപരിയാകണം. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്-ട്രംപിനെ തള്ളാന്‍ ഞങ്ങള്‍ കിമ്മിനെ കൊള്ളും എന്ന് പറഞ്ഞാല്‍ മാത്രം പോര. കിമ്മിനെ കൊള്ളുമ്പോള്‍ വന്നുപെടാവുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കറ, കമ്യൂണിസ്റ്റുകാര്‍ക്ക് അലങ്കാരമാവുമെന്നു കൂടി നേതാക്കള്‍ ഉറപ്പിച്ചുകൊള്ളണം. ജനാധിപത്യത്തിന് സി.പി.എം വരയ്ക്കുന്ന അതിര്‍ത്തി ജനങ്ങള്‍ക്ക് അറിഞ്ഞേതീരൂ.