പോലീസ് വിളയാട്ടം ആരവസാനിപ്പിക്കും ?

ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമാണത്രേ േകരളം. അതിനുവേണ്ടി ഒരു നയം നടപ്പാക്കിയിട്ടുണ്ടെന്നാണ് വയ്പ്. പക്ഷേ ഇത് ആദ്യം അറിയേണ്ടതും മനസ്സിലാക്കേണ്ടതും കേരളത്തിലെ മുഖ്യമന്ത്രിയാണ്. ആ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസാണ്. കഴിഞ്ഞ 27ന് അര്‍ധരാത്രി കോഴിക്കോട്ട് രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ ലാത്തികൊണ്ട് അടിച്ച് ചോരയില്‍ കുളിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രിയുടെ പൊലീസാണ്. ഈ നമിഷം വരെ ആ പൊലീസുകാര്‍ക്കെതിരേ നടപടിയില്ല. എസ്.ഐയേയോ രണ്ടുപൊലീസുകാരേയോ സസ്പെന്‍ഡ് ചെയ്തിട്ടില്ല. ട്രാന്‍സ്ജെന്‍ഡറുകളായ ജാസ്മിന്റേയും  സുസ്മിയുടെയും പരാതിയില്‍ കേസെടുത്തിരിക്കുന്നത് കണ്ടാലറിയുന്ന മൂന്ന് പൊലീസുകാര്‍ക്കെതിരേയാണ്. എല്ലാവര്‍ക്കും കാണാതെ തന്നെ അറിയാം കസബ എസ്.ഐ സിജിത്തും രണ്ടു പൊലീസുകാരുമാണ് ജാസ്മിനേയും സുസ്മിയേയും തല്ലിച്ചതച്ചതെന്ന്. പക്ഷേ പിണറായി വിജയന്റെ പൊലീസിന് അത് കാണാനും അറിയാനുമുള്ള കണ്ണും മനസ്സുമില്ല. മുഖ്യമന്ത്രിയോട് പറയാനുള്ളത് ഇത്രമാത്രം- ട്രാന്‍സ്ജെന്‍ഡര്‍ നയം എന്നപേരില്‍ പേരിനൊരു നയം ഉണ്ടായാല്‍ പോര. നടപ്പാക്കണം അക്ഷരം പ്രതി.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ട്രാന്‍സ്ജെന്‍ഡറുകളെ മനുഷ്യരെപ്പോലെ പരിഗണിക്കണമെന്ന നിസ്സഹായതയില്‍ ഊന്നിയ അപേക്ഷയുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നവരും ഈ സമൂഹത്തില്‍ സ്ഥാനം നേടിയെടുത്തവരാണ്. അവരെ വെറും മനുഷ്യരായിട്ടല്ല സഹോദരര്‍ ആയിട്ട് കാണാന്‍ ഞങ്ങള്‍ മുന്നിലുണ്ട്. അവരോടൊപ്പം നിന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. കസബ എസ്.ഐയെ ഉടനടി സസ്പെന്‍ഡ് ചെയ്യൂ. ട്രാന്‍സ്ജെന്‍ഡറുകളെ റോഡില്‍ കണ്ടാല്‍ അറിയാതെ ലാത്തി പൊങ്ങുന്ന പൊലീസുകാരെ യൂണിഫോം ഊരിച്ച് വീട്ടിലിരുത്താനുള്ളതാകണം ട്രാന്‍സ്ജെന്‍ഡര്‍ നയം.