സ്ത്രീവിരുദ്ധത അഭിപ്രായപ്രകടനത്തോടുമോ ?

സ്ത്രീകള്‍ മിണ്ടരുത്. പിടക്കോഴി കൂവണ്ട. സിനിമയില്‍ നിന്ന് ശബ്ദമുയര്‍ത്തുന്നവള്‍ കൊച്ചമ്മ. ബുദ്ധിയുള്ളവളാണെങ്കില്‍ ഫെമിനിച്ചി. നടി പാര്‍വതി സിനിമയിലെ സ്ത്രീവിരുദ്ധ പ്രവണതകളെ വിമര്‍ശിച്ച അന്നുതൊട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന, കേട്ടാല്‍ അറയ്ക്കുന്ന അധിക്ഷേപങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ആക്രമണങ്ങള്‍ക്കെതിരേ പാര്‍വതി ഇന്ന് ഡി.ജി.പിക്ക് പരാതി നല്‍കി. സൈബര്‍ സെല്‍ അന്വേ·ഷണം ആരംഭിച്ചു. ഒരു ആരാധകക്കൂട്ടത്തിന്റെ ഭ്രാന്ത് മാത്രമല്ല ഇത്. കേരളീയ സമൂഹത്തില്‍ ഒരുവിഭാഗം സ്ത്രീകളെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന അധിക്ഷേപത്തിന്റെ തുടര്‍ച്ച കൂടിയാണിത്. കടുത്ത പുരുഷാഹന്തയുടെ കീടാവതാരങ്ങള്‍ നടത്തുന്ന കടന്നല്‍ക്കുത്ത്. തെറി ഭക്ഷിച്ച്, തെറി ഛര്‍ദിക്കുന്ന ഈ ഭീരുക്കളുടെ വിശപ്പ് എന്നാണ് അവസാനിക്കുക?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പാര്‍വതി നേരിടുന്നത് ക്രൂരമായ വ്യക്തിഹത്യയാണ്. സ്ത്രീയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ ക്രിമനിലുകളെ അടിയന്തിരമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ സമരത്തില്‍ പാര്‍വതിക്ക് പൂര്‍ണപിന്തുണ.