ഓഖി; യുഡിഎഫ് എംപിമാർ നടത്തിയത് വൃത്തികെട്ട രാഷ്ട്രീയ നീക്കം

കഴിഞ്ഞ ദിവസം ഓഖി ദുരന്തപ്രദേശം സന്ദര്‍ശിക്കാനും ചര്‍ച്ച നടത്താനുമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിവേദനം നല്‍കാന്‍ യു.ഡി.എഫ് സംഘത്തിന് അനുമതി നല്‍കാതിരുന്നതിനെ 9 മണി ചര്‍ച്ച നിശിതമായി വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ അതേ യു.ഡി.എഫ് ഇന്നു കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയ ചെപ്പടിവിദ്യയാണ്. പ്രധാനമന്ത്രിയെ സ്വന്തം നിലയ്ക്ക് സന്ദര്‍ശിച്ച യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റംപറയാന്‍ ഈ അവസരം ഉപയോഗിച്ചു. യോജിച്ചുപോകാന്‍ എല്‍.ഡി.എഫ് എം.പിമാരുടെ നേതാവ് പി.കരുണാകരന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമയം ചോദിച്ചപ്പോഴാണ് യു.ഡി.എഫ് എം.പിമാര്‍ പ്രത്യേകം സമയം ചോദിച്ചകാര്യം അറിയുന്നത്. തുടര്‍ന്ന് എല്‍.ഡി.എഫ് എം.പിമാരും പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കേരളത്തിന്റെ ആവശ്യം യോജിച്ച് അറിയിക്കേണ്ടതിന്റെ പ്രാധാന്യം യു.ഡി.എഫിന് പറഞ്ഞ് ബോധ്യം വരേണ്ട കാര്യമല്ലല്ലോ. കേരളത്തിന്റെ താല്‍പര്യത്തിന് ഉപരിയായി മറ്റെന്ത് താല്‍പര്യമാണ് യു.ഡി.എഫിനെ നയിച്ചതെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- 

എല്‍.ഡി.എഫ് എം.പിമാരെ ഒഴിവാക്കി തനിച്ച് പ്രധാനമന്ത്രിയെ കണ്ട യു.ഡി.എഫ് എം.പിമാര്‍ നടത്തിയത് വൃത്തികെട്ട രാഷ്ട്രീയനീക്കമാണ്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല. പൊതുവായ ആവശ്യം കേന്ദ്രത്തില്‍ ഉന്നയിക്കുന്നതില്‍ കാണിച്ച ഈ ചതി കേരളം തിരിച്ചറിയും.