പവിത്രൻ തീക്കുനിയോട് മുഖം തിരിക്കാമോ ?

പവിത്രന്‍ തീക്കുനിയെന്ന കവിയെഴുതിയ അഞ്ചുവരി കവിതയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഒന്ന്. പര്‍ദയെക്കുറിച്ച് പര്‍ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് എന്നുതുടങ്ങുന്ന കവിത. ഫെയ്സ്്ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത പക്ഷെ ഇപ്പോള്‍ കവിയുടെ വാളില്‍ ഇല്ല. പോസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. വലിയ വിമര്‍ശനം, കൈവെട്ടും എന്നതടക്കം ഭീഷണിവന്നശേഷമാണ് പിന്‍വലിച്ചതെന്ന് കവി. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഒരാളുടെയും പിന്തുണ കിട്ടിയില്ലെന്ന് പവിത്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാലിപ്പോള്‍ മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്ന നിലപാടില്‍ കവിത പുനപ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ആരാണീ ഭീഷണികള്‍ക്ക് പിന്നില്‍? എവിടെയാണ് അവരില്‍നിന്ന് സംരക്ഷണം നല്‍കേണ്ടവര്‍?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ആവിഷ്കാര സ്വാതന്ത്ര്യം തടയപ്പെടുന്ന എല്ലാ വ്യക്തിക്കും കിട്ടേണ്ടത് ഒരേ പരിഗണനയാണ്. ഒരേതരം സംരക്ഷണമാണ്. ഭീഷണിമുഴക്കി എഴുത്ത് പിന്‍വലിപ്പിക്കുന്ന, നൃത്തച്ചുവടുകളെ തളയ്ക്കുന്ന, പിന്തുണ നല്‍കുന്നവരെക്കൊണ്ട് മാപ്പുപറയിക്കുന്ന രാഷ്ട്രീയം ചോദ്യംചെയ്യപ്പെടുകതന്നെ വേണം. ഇവിടെ പവിത്രന്‍ തീക്കുനിയെന്ന മനുഷ്യന് മുന്നില്‍ സംരക്ഷണഭിത്തിയെന്നൊരു തോന്നല്‍ പോലുമില്ലാത്തത് എന്തുകൊണ്ടാണ് ഈ സമൂഹത്തിന്റെ ആശങ്കയല്ലാത്തത്?