മദ്യത്തിൽ 'നയം' പിഴച്ച് സർക്കാർ

മദ്യം ഉപയോഗിക്കാനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കും. അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രായപരിധി 23 ആയി ഉയർത്തുന്നതിനു വേണ്ടി അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പുതുക്കിയ മദ്യനയത്തിലാണു കുറഞ്ഞ പ്രായപരിധി 21ൽ നിന്ന് 23 ആക്കിയുള്ള തീരുമാനം കൈക്കൊണ്ടത്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട്

നയം പിഴച്ചാല്‍ പിന്നെ നല്ലത് അഭിനയമാണ്. മദ്യനയത്തിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ചെയ്തികളെ ഇങ്ങെന കാണാനേ കഴിയൂ. നാടുമുഴുക്കെ ബാറുകള്‍ തുറന്നുവച്ച് 23 വയസ്സിനു താഴെയുള്ളവര്‍ കുടിക്കരുതെന്ന് ഓര്‍ഡിനന്‍സ് ഇറക്കുക. കഴി​ഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭയ്ക്ക് സമയം കിട്ടുന്നത് ഡിസംബറിലാണ് എന്നത് ഒരുകാര്യം. അതായത്, കഴി‍ഞ്ഞ അഞ്ചുമാസം 23 വയസ്സിനു കീഴെ പ്രായമുള്ളവര്‍ നയപ്രകാരം തന്നെ കുടിച്ചു. എന്നിട്ടു പക്ഷേ, മദ്യവര്‍ജനത്തിന് ആത്യന്തിക മാതൃക കാണിക്കുന്നുവെന്ന മട്ടില്‍ ഒരു ഓര്‍ഡിനന്‍സ് തീരുമാനം. എന്ത് വസ്തുതാപരമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ണില്‍ പൊടിയല്‍ നയത്തില്‍ ഇവര്‍ എത്തിയതെന്ന് ചോദിച്ചാല്‍ മറുപടി നാസ്തി. നയം പിഴച്ചവരുടെ അഭിനയ നടപടിക്ക് നല്ല നമസ്കാരം.