ബിജെപി ഭയക്കുന്നുണ്ടോ രാഹുലിന്റെ വരവ് ?

ബിജെപിക്ക് ഇത് നരേന്ദ്രമോദി അമിത് ഷാ യുഗമാണ്. കോണ്‍ഗ്രസിന് ഇന്നുവരെ സോണിയ- രാഹുല്‍ യുഗം. ഇനിയങ്ങോട്ട് സോണിയയുടെ തണല്‍വിട്ട് പുതിയ റോളിലാണ് രാഹുല്‍ ഗാന്ധി. സജീവരാഷ്ട്രീയത്തില്‍ ഇറങ്ങി ഒന്നരപ്പതിറ്റാണ്ടിനിപ്പുറം കോണ്‍ഗ്രസ് അധ്യക്ഷനാണ് രാഹുലിനി. ഭാഗ്യമോ നഷ്ടങ്ങളോ? എന്തുകൊണ്ടുവരും രാഹുല്‍? കാലമാണതിന് ഉത്തരം പറയേണ്ടത്. പക്ഷെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള രാഹുലിന്റെ വരവ്നരേന്ദ്രമോദി ആക്ഷേപിക്കുംപോലെ മുഗള്‍ ഭരണകാലത്ത് ഔറംഗസേബ് ഷാജഹാന്റെ പിന്‍ഗാമി ആയതുപോലെയോ? അല്ലെങ്കിലേ രാഹുലിന്റെ ഈ സ്ഥാനലബ്ധിയെ ഏതുകണ്ണടവച്ചാലാണ് ബിജെപിക്ക് ആത്മാര്‍ഥമായി ആക്ഷേപിക്കാനാവുക?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. രാഹുലിന്റെ കഴിവ് കാലം തീരുമാനിക്കട്ടെ. കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ രാഹുലിന് ഇല്ലാത്ത ഏത് യോഗ്യതയെക്കുറിച്ചാണ് ബിജെപി പറയുന്നത്? അത്തരം എല്ലാ യോഗ്യതകളും നിറഞ്ഞവര്‍ മാത്രം പ്രധാനസ്ഥാനങ്ങളില്‍ ഇരിക്കുന്ന പാര്‍ട്ടിയാണോ ബിജെപി? തിരഞ്ഞെടുപ്പിലൂടെ വരുന്ന രാഹുലിനെ ഔറംഗസേബിനോട് ഉപമിക്കുന്നത് രാഷ്ട്രീയമാണ്. ഉത്തരവാദിത്തം എന്നൊന്ന് ഇല്ലാത്ത രാഷ്ട്രീയം. രാഹുലിന്റെ വഴിയെ ആക്ഷേപിക്കുന്നവര്‍ ആ കണ്ണാടി ഇത്തിരിനേരമൊന്ന് തിരിച്ചുപിടിക്കുകകൂടി ചെയ്യണം.