കേന്ദ്ര സർക്കാർ സൂപ്പർ ജൂറിയോ ?

സിനിമകളുടെ നിലവാരവും പ്രദര്‍ശനയോഗ്യതയും പരിഗണിച്ച് തീരുമാനം എടുക്കാനാണ് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് ഒരു പനോരമ ജൂറിയെ നിശ്ചയിച്ചിട്ടുള്ളത്. സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ്. അവ പ്രദര്‍ശിപ്പിക്കേണ്ടെന്ന കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയത്തിന്റെ തീരുമാനം ചലച്ചിത്രലോകം അറിഞ്ഞത് അമ്പരപ്പോടെയാണ്. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനം കേരള ഹൈക്കോടതി റദ്ദുചെയ്തിട്ടു തന്നെ 48 മണിക്കൂറിലധികമായി. പക്ഷേ വിധിപ്പകര്‍പ്പ് കൈപ്പറ്റാന്‍ പോലും ഫെസ്റ്റിവല്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കേന്ദ്രം തീരുമാനിക്കണമത്രേ. അതായത് സിനിമയുടെ അവസാനവിധി തീരുമാനിക്കുന്നത് കോടതി പോലുമല്ല, കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയമാണ്. ഒന്നേ പറയാനുള്ളൂ. ചലച്ചിത്ര- സാംസ്കാരിക രംഗത്ത് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കിക്കഴിഞ്ഞു. ഇഷ്ടമല്ലാത്ത ചിത്രങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്ത്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഫിലിംഫെസ്റ്റിവലിന് ഒരു ജൂറിമതി. വകുപ്പുമന്ത്രി സ്മൃതി ഇറാനി സൂപ്പ‍ര്‍ ജൂറിയാകണ്ട. എസ് ദുര്‍ഗയും ന്യൂഡും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ രാജ്യത്തെ സാംസ്കാരിക ചരിത്രത്തിലെ കറുത്ത ഏടാകും അത്. ചലച്ചിത്ര ബുദ്ധിജീവികള്‍ അത് മറക്കണ്ട.