കാനത്തിന് ഒരു ബിഗ് സല്യൂട്ട്

സഖാവ് കാനത്തിന് ഒരു ബിഗ് സല്യൂട്ട്. തോമസ് ചാണ്ടിയുടെ രാജി യാഥാര്‍ഥ്യമാക്കാന്‍ നിലപാട് എടുത്തതിനല്ല. സ്വന്തം സര്‍ക്കാരിനെതിരേ കോടതിയില്‍ പോയി ഭരണഘടനാതത്വം ലംഘിച്ചയാളുടെ കൂടെ മന്ത്രിസഭാ തീരുമാനങ്ങളില്‍ പങ്കാളിയാകേണ്ടെന്ന രാഷ്ട്രീയ തീരുമാനം എടുത്തതിന്. അസാധാരണമെന്നും സംഭവിക്കാന്‍ പാടില്ലാത്തതെന്നും മുഖ്യമന്ത്രിയെക്കൊണ്ട് വാര്‍‌ത്താസമ്മേളനത്തില്‍ പറയിക്കുംവിധം അക്കാര്യത്തില്‍  ചാഞ്ചല്യമില്ലാതെ നിലപാട് പ്രഖ്യാപിച്ചതിന്. മന്ത്രി ചന്ദ്രശേഖരനെക്കൊണ്ട് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അത് വ്യക്തമാക്കുന്ന കുറിപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ എത്തിച്ചതിന്. അഹന്ത നിറഞ്ഞ ശരീരഭാഷയോടെ മന്ത്രിസഭായോഗത്തിലേക്ക് കയറിപ്പോയ തോമസ് ചാണ്ടിക്കു പുറകേ പോകേണ്ടവരല്ല കമ്യൂണിസ്റ്റ് മന്ത്രിമാര്‍ എന്ന് ധീരമായി ഓര്‍മിപ്പിച്ചതിന്. രാജിവയ്ക്കേണ്ട മന്ത്രി അതിന് തയാറാകാതെ, തരിമ്പും കൂസാതെ, മുഖ്യമന്ത്രിക്കു മുന്നിലേക്ക് പോകുമ്പോള്‍, അതിന് കൂട്ടുനിന്ന് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം സംരക്ഷിക്കലല്ല ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്ന് തെളിയിച്ചതിന്. കാനം എന്ന പാര്‍ട്ടി സെക്രട്ടറിക്ക് ഒരു ബിഗ് സല്യൂട്ട്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. സി.പി.ഐ മന്ത്രിമാര്‍ ക്യാബിനറ്റില്‍ നിന്ന് വിട്ടുനിന്നത് അസാധാരണവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. പക്ഷേ അത് സംഭവിപ്പിച്ചതിന്റെ ഉത്തരവാദിത്തം പിണറായിക്കു തന്നെ ഏല്‍ക്കാം. കാനം ജയിച്ചു, പിണറായി തോറ്റു.