• ഗംഗയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആകുന്നത് ഗോകുൽ കൃഷ്ണ സംശയത്തോടെ കണ്ടു. നിരന്തരം തര്‍ക്കങ്ങളുണ്ടായി.

ബെംഗളൂരുവിൽ മലയാളി യുവതി ഗംഗ കൊല്ലപ്പെട്ടതില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയുടെ നിരന്തരമായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന സംശയം ഗോകുലിനുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. ഫോൺ കോളുകളെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Also Read: താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

ഗംഗയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആകുന്നത് ഗോകുൽ കൃഷ്ണ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ഗംഗ മറ്റാരോടെങ്കിലും സംസാരിക്കുന്നുണ്ടോ, തന്നിൽനിന്ന് അകന്നുപോകുകയാണോ തുടങ്ങിയ സംശയങ്ങളാണ് ഗോകുലിനെ അലട്ടിയിരുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.

Also Read: ബസിലെ സ്ഥിരം യാത്രക്കാരി, ആദ്യം കാറില്‍, പിന്നാലെ നിര്‍ത്തിയിട്ട ബസില്‍

വ്യാഴാഴ്ചയാണ് ഇരുവരും ബെംഗളൂരുവില്‍ എത്തുന്നത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ഗംഗ ജോലി തേടിയാണ് വീണ്ടും ബെംഗളൂരുവില്‍ എത്തിയത്.  അന്ന് ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ ഗംഗയുടെ ഫോണിലേക്ക് മറ്റൊരു കോൾ എത്തിയതും വീണ്ടും തർക്കത്തിന് കാരണമായി. ഗംഗ ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ ഗോകുൽ കൃഷ്ണ പ്രകോപിതനായി. ഇതേച്ചൊല്ലി അന്നുരാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. 

വെള്ളിയാഴ്ചയും തർക്കം തുടർന്നു. ഇതിനൊടുവിലാണ് ഗോകുൽ കൃഷ്ണ ഗംഗയെ കത്തികൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി കത്തിയുമായി ലോഡ്ജിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും വിവരമുണ്ട്. കൊലപാതകത്തിന് ശേഷം കത്തിയുമായി പുറത്തേക്ക് പോകാൻ ശ്രമിച്ച ഗോകുൽ കൃഷ്ണയെ ലോഡ്ജ് ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ തടഞ്ഞുവെച്ചതോടെയാണ് പ്രതിയെ പൊലീസിന് കൈമാറാൻ കഴിഞ്ഞത്. 

തുടർന്ന് പൊലീസ് ഗോകുലിനെ കസ്റ്റഡിയിലെടുത്തു.  ഗംഗയും ഗോകുൽ കൃഷ്ണയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും നഴ്സിങ് പഠനം പൂർത്തിയാക്കിയവരാണ്. കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അടുത്തകാലത്തായി പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കങ്ങള്‍, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്നിവ സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ഫോൺ കോളുകളെച്ചൊല്ലിയുള്ള സംശയവും തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

 

Phone Calls Triggered Suspicion; Boyfriend Allegedly Stabs Malayali Woman Ganga to Death:

Police suspect that repeated doubts and jealousy over phone calls led to the murder of Malayali woman Ganga in Bengaluru. Her boyfriend, Gokul Krishna, reportedly suspected that she was avoiding him whenever her phone was engaged or she received calls from others. An argument reportedly broke out on Thursday night after Ganga received another phone call while they were together, and the dispute continued the following day. Gokul allegedly stabbed Ganga to death at a lodge, but staff members stopped him from fleeing with the knife and handed him over to the police