കോഴിക്കോട് തൊട്ടില്പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില് കാണാതായ കെ.അനുമോളെ കണ്ടെത്തി. തൊട്ടില്പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും പുരുഷ സുഹൃത്ത് വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനെയും കസ്റ്റഡിയിലെടുത്തത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിലെ പുതുശേരിയെന്ന സ്ഥലത്ത് വീടു വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ അഞ്ചിനാണു മൊയിലോത്തറ ജി.എല്.പിഎസിലെ അധ്യാപികയായ അനുമോളെ ദുരൂഹ സാഹചര്യത്തില് കാണാതാവുന്നത്. രാവിലെ സ്കൂളിലേക്കു പോയതിനു ശേഷം ഫോണ് സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. അന്നു തന്നെ കുടുംബം പൊലീസില് പരാതി നല്കിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല.
ഭര്ത്താവിന്റെ കാരുണ്യത്തില് രണ്ടാം ജന്മം
അനുമോള് പത്തുവര്ഷം മുന്പും വാര്ത്തകളില് നിറഞ്ഞിരുന്നു. ഗര്ഭിണിയായിരിക്കെ ഗുരുതര കരള് രോഗം ബാധിച്ച അനുമോളെ കോഴിക്കോട് മെഡിക്കല് കോളേജില് നിന്നും മടക്കിയതായിരുന്നു. കരള് മാറ്റിവെയ്ക്കല് ശസ്ത്രക്രിയ മാത്രമായിരുന്നു പ്രതിവിധി. പാവപെട്ട കുടുംബത്തിന് ഭാരിച്ച തുക കണ്ടെത്താന് സാധിക്കതെ വന്നതോടെ തൊട്ടില്പാലത്തെ പ്രാദേശിക മാധ്യമപ്രവര്ത്തകനും പഞ്ചായത്ത് പ്രസിഡന്റും മുന്കൈ എടുത്ത് ജനകീയ കമ്മിറ്റി രൂപീകരിക്കുകയും മാധ്യമങ്ങളില് വാര്ത്ത വരികയും ചെയ്തിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ച ഭര്ത്താവ് സുഭാഷിന്റെ കരളിന്റെ ഭാഗമാണു മാറ്റിവച്ചത്. കരളിന്റെ കരള് പകുത്തു നല്കി പ്രിയമതന് എന്ന തലക്കെട്ടോടെ വാര്ത്ത അന്നത്തെ പത്രങ്ങളില് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം പി.എസ്.സി പരീക്ഷയില് ഉന്നത വിജയം നേടിയാണ് അനുമോള് സര്ക്കാര് സര്വീസില് പ്രവേശിച്ചത്. ദമ്പതികള്ക്ക് രണ്ടു കുട്ടികളുമുണ്ട്. സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് അനുമോളെ ദുരൂഹ സാഹചര്യത്തില് കാണാതായത്
അബ്ദുള് സമദിന്റെ കെണിയില് പെട്ടു
അനുമോളെ കാണാതായ ദിവസം തന്നെ വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദെന്നയാളെയും കാണാതായിരുന്നു. വൈകീട്ട് സ്കൂള് കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഇതേ സ്കൂളില് പഠിക്കുന്ന മകളെ സ്കൂള് ജീപ്പില് കയറ്റിവിട്ടശേഷമാണു അനുമോളെ കാണാതായത്. അബ്ദുള് സമദിനൊപ്പം പോയതാണന്ന സൂചനയെന്നു കുടുംബം പൊലീസില് നല്കിയ പരാതിയിലും സൂചിപ്പിച്ചിരുന്നു. പത്തുദിവസം പിന്നിട്ടിട്ടും കണ്ടെത്താന് കഴിയാത്തതിനെ തുടര്ന്ന് കുടുംബം ഹൈക്കോടതിയില്ഹര്ജി നല്കി
Also read: കോഴിക്കോട് നിന്നും കാണാതായ അനുമോളെ കണ്ടെത്തി; അബ്ദുല് സമദ് കസ്റ്റഡിയില്
ഓപ്പണ് വൈഫൈയില് വാട്സ് ആപ്പ്
അനുമോളുടെയും അബ്ദുള് സമദിന്റെയും ഒളിച്ചോട്ടും അതീവ സമര്ഥമായി ആസൂത്രണം ചെയ്തതാണെന്നു തുടക്കത്തില് തന്നെ പൊലീസിനു വ്യക്തമായിരുന്നു. മൊയിലോത്തറ ജി എല്.പി.എസ് പരിസരത്തു നിന്നും തൊട്ടില്പാലത്തേക്കും കുറ്റ്യാടിയിലേക്കും നാദാപുരത്തേക്കുമുള്ള പ്രധാന വഴികള് ഒഴിവാക്കിയാണ് ഇരുവരും സഞ്ചരിച്ചത്. സിസിടിവി ക്യാമറകളില് പതിയാതിരിക്കാനായിരുന്നു ഇത്. ഇരുവരും ഫോണുകള് ഒഴിവാക്കി. വിവിധയിടങ്ങളില് എത്തുമ്പോള് വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു. അപരിചിതരായ ആളുകളോട് ഹോട്ട് സ്പോട്ട് വഴി വൈഫൈ കണക്ഷനെടുത്തായിരുന്നു വാട്സ് ആപ്പ് ,ഉപയോഗം. വൈഫൈ ഐപി നമ്പര് കണ്ടെത്തി സ്ഥലം തിരിച്ചറിയാന് ഒരുദിവസം സമയമെടുക്കുമെന്നത് ഇരുവരും സമര്ഥമായി ഉപയോഗിച്ചു. തൊട്ടില്പാലത്ത് നിന്നും നേരെ മാഹിയിലേക്കാണ് ഇരുവരും പോയത്. രണ്ടുദിവസം വിവിധ ആളുകളുടെ ഫോണില് നിന്നും വൈഫൈ കടം വാങ്ങി വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അവിടെ നിന്നു രക്ഷപെട്ടു. പിന്നീട് കാസര്കോട് ചെറുവത്തില് വച്ച് വാട്സ് ആപ്പ് ഉപയോഗിച്ചതും പൊലീസ് കണ്ടെത്തി.
അബ്ദുല് സമദിന്റെ ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണം
വിശദമായ പരിശോധനയില് അബദുള് സമദ് ഏഴു സിം കാര്ഡുകള് ഉപയോഗിക്കുന്നുണ്ടെന്നു പൊലീസ് മനസിലാക്കി. ഇതില് പലതും സ്വിച്ച് ഓഫ് ചെയ്ത നിലയിലായത് പ്രതിസന്ധിയായി. ഇതിനിടെ നാട്ടിലെ വിശേഷങ്ങളറിയാന് സമദ് അടുത്ത സുഹൃത്തായ അര്ഷാദിനെ വിളിച്ചു. ഇക്കാര്യം മനസിലാക്കിയ പൊലീസ് അര്ഷാദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സമദും അനുമോളും ഒന്നിച്ചുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാല് അര്ഷാദിനെ വിളിച്ച നമ്പര് പിന്നീട് സമദ് ഓണ് ചെയ്തില്ല. ഇതോടെ ആ വഴിയുള്ള അന്വേഷണവും നിലച്ചു. പിന്നീടാണ് ഒളിച്ചോടിയ ശേഷം പുതിയ സിം കാര്ഡ് സമദ് എടുത്തുവെന്ന സൂചന പൊലീസിനു ലഭിച്ചത്. ഇതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പാലക്കാട് പുതുശേരിയിലെ ഇരുനില വീടിന്റെ ഒന്നാം നിലയില് എത്തിയത്. ഇവിടെ ഭാര്യ–ഭര്ത്താക്കന്മാരായി കഴിയുകയായിരുന്നു ഇരുവരും.
കരള് പകുത്തി നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവളെ കൈവിടാന് പക്ഷേ ഭര്ത്താവ് തയാറല്ലെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായ അനുമോളുടെ മാതാപിതാക്കളെയും കണക്കിലെടുത്ത് സ്വീകരിക്കാന് തയാറാണന്നു കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് കൗണ്സിലിങ് നടത്തിയ ശേഷം കോടതയില് ഹാജരാക്കാനാണ് പൊലീസ് തീരുമാനം. പാലക്കാട് നിന്നു തൊട്ടില്പാലത്തേക്ക് കൊണ്ടുവരുന്നതിനിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന പൂര്ത്തിയാക്കി. പിന്നീട് നാദാപുരം ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യലുകളും നടപടിക്രമങ്ങളും പൂര്ത്തിയാക്കിയ ശേഷം കോടതിയില് ഹാജരാക്കും.
അബ്ദുള് സമദ് സ്ഥിരം ക്രിമിനല്
അബ്ദുള് സമദിന്റെ നാട് വടകര തോടന്നൂരിലാണ്. നിരവധി കേസുകളില് പ്രതിയാണ് സമദ്. വിവിധ സ്റ്റേഷനുകളിലായി അടിപിടി കേസുകളടക്കമുണ്ട്. വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ചു കടത്തികൊണ്ടുപോയി പണവും സ്വത്തും കൈവശപെടുത്തിയ ശേഷം ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് നാട്ടുകാര് ആരോപിക്കുന്നത്. നേരത്തേയും ഇയാള്ക്കെതിരെ സ്ത്രീ വിഷയം ഉയര്ന്നിരുന്നുവെന്ന് തൊട്ടില്പാലം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. നാട്ടുകാര് ചികിത്സ സഹായ നിധി രൂപീകരിച്ചാണ് അനുവിന്റെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തിയത്. ഇതിനായി സ്വരൂപിച്ച പണത്തില് ബാക്കിയുള്ളത് കുടുംബത്തിനു കൈമാറിയിരുന്നു. അനുവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഈ പണം തട്ടിയെടുക്കാനാണ് സമദ് കൂട്ടികൊണ്ടുപോയതെന്നാണു കുടുംബവും നാട്ടുകാരും സംശയിക്കുന്നത്