police-crime-adoor

ആളുമാറി കസ്റ്റഡിയിലെടുത്തു മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് പത്തനംതിട്ട അടൂര്‍ സ്വദേശി അഫ്സല്‍. ലഹരിക്കേസ് പ്രതിയെ തിരഞ്ഞെത്തിയ പാലാരിവട്ടം പൊലീസും അടൂര്‍ പൊലീസുമാണ് ആളുമാറി അഫ്സലിനെ പിടികൂടിയതും വിലങ്ങിട്ട് മര്‍ദിച്ചതും. അതേസമയം, അടുത്ത ദിവസം ഹാജരാകാന്‍ പാലാരിവട്ടം പൊലീസ് നോട്ടിസ് നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അടൂര്‍ സ്വദേശി അഫ്സലിനെ അടൂര്‍ പൊലീസും പാലാരിവട്ടം പൊലീസും ചേര്‍ന്ന് പിടികൂടിയത്. എംഡിഎംഎ കേസില്‍ പ്രതിയായ ഒരു അഫ്സലിനെ തേടിയാണ് അടൂരില്‍ എത്തിയത്. ആള് മാറി ഡിവൈഎഫ്ഐ പറക്കോട് മേഖലാ കമ്മിറ്റി അംഗമായ അഫ്സലിനെ പിടികൂടിയത്. നാട്ടുകാര്‍ കാണ്‍കെ വിലങ്ങിട്ട് വീടിന്‍റ മുറ്റത്തിട്ടു. മര്‍ദിച്ചതായും ഇവര്‍ ആരോപിക്കുന്നു. പോയവഴി നൂറനാട്ട് വച്ച് ആള് മാറി എന്ന് പറഞ്ഞ് മോചിപ്പിച്ചു. ചവിട്ടേറ്റ് കാലിന് പരുക്കേറ്റതായും അഫ്സല്‍ പറയുന്നു. വീട്ടിനുള്ളില്‍ കടന്നു കയറി പൊലീസ് അമ്മയെയും മര്‍ദിച്ചു എന്ന് പരാതിയുണ്ട്. 

ലഹരി വാങ്ങാന്‍ മുപ്പതിനായിരത്തോളം രൂപ ഒരു അഫ്സല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇട്ടിരുന്നു. ആ അഫ്സലിന്‍റെ വിവരത്തിന് പകരം ബാങ്ക് മാനേജര്‍ രേഖകള്‍ തെറ്റി നല്‍കി എന്നാണ് പറയുന്നത്. ബാങ്ക് മാനേജരും പൊലീസും ഒത്തുതീര്‍പ്പിനായി ബന്ധപ്പെടുന്നുണ്ട് എന്നാണ് അഫ്സല്‍ പറയുന്നത്.