കൊച്ചിയിൽ നടുറോഡിൽ കാർ തടഞ്ഞ സ്വകാര്യ ബസ് ജീവനക്കാരനെ ജാമ്യത്തിൽ വിട്ടതിൽ ദൂരൂഹത. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതി മുഹമ്മദ് അൻസാറിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞതിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നുണ്ട്
കലൂരിൽ കാർ തടഞ്ഞ് യാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ സ്വകാര്യ ബസ് ജീവനക്കാരനായ മുഹമ്മദ് അൻസാറിനെ ഇന്നലെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും മുഹമ്മദ് അൻസാറിനെതിരെ കേസെടുത്തിരുന്നു. രണ്ടു കേസുകളിലും പ്രതിക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ നെഞ്ചിൽ പിടിച്ച് തള്ളുകയും, കൈ കൊണ്ട് ഇടിച്ച് ചുണ്ടിൽ പരുക്കേൽപ്പിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയതിലാണ് വിമർശനം ഉയരുന്നത്. കഴിഞ്ഞ മാസം 22- തീയതി കാക്കനാട് വച്ച് പ്രതി ബസിൽ നിന്നിറങ്ങി കാർ തടഞ്ഞ് യാത്രക്കാരനെ അസഭ്യം പറഞ്ഞിരുന്നു. ഈ കേസിൽ കാര്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്
നിരന്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രതിയെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം