കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ ശൃംഖല തകർത്ത് മലപ്പുറം പൊലീസ്. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.794 കിലോ എംഡിഎംഎയുമായി മൂന്നുപേർ കോയമ്പത്തൂരിൽ നിന്ന് മലപ്പുറം പൊലീസിന്റെ പിടിയിലായി. പത്തു കോടി രൂപ വിപണിമൂല്യം കണക്കാക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഈ മാസം ആറിന് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് കേസിലെ പ്രധാന കണ്ണികളായ മൂന്ന് പ്രതികൾകൂടി പിടിയിലായത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബീർ അലി, വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവ കേന്ദ്രീകരിച്ച് എംഡിഎംഎ ശേഖരിച്ച് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരിമരുന്നിന്റെ ഉറവിടവും സംഘത്തിലെ മറ്റു കണ്ണികളെയും കണ്ടെത്താൻ ശ്രമം തുടങ്ങി. തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപ നൽകിയിട്ടുണ്ട്.