പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. ആർമി ഉദ്യോഗസ്ഥനെ ഇരുപത്തി രണ്ടര വർഷത്തെ കഠിനതടവിനും 120000 രൂപ പിഴയ്ക്കും ശിക്ഷിച്ച് പോക്സോ കോടതി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത വെള്ളനാട് വാളിയറ മഠത്ത് വീട്ടിൽ അനിൽകുമാറിനെയാണ് (53) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.
2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അസഭ്യം പറയുകയും നഗ്നത പ്രദർശനം നടത്തുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 15 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കിയിരുന്നു.കാട്ടാക്കട ഡിവൈ.എസ്.പി.യായിരുന്ന എൻ.ഷിബുവാണ് കുറ്റപത്രം സമർപ്പിച്ചത്.