കാസർകോട് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച് പണം നൽകാതെ കടന്നുകളയുന്ന സംഘം സജീവം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുമ്പളയിലേയും ഉപ്പളയിലേയും പെട്രോൾ പമ്പുകളിലാണ് പണം നൽകാതെ തട്ടിപ്പ് നടത്തിയത്. പമ്പ് ഉടമകൾ പൊലീസിൽ പരാതി നൽകി.
പെട്രോൾ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നുകളയുന്ന സംഭവങ്ങൾ പതിവാകുന്നു.കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോളിയം പമ്പിൽ കാറിലെത്തിയ സംഘം 3710 രൂപയുടെ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. കുമ്പള ഭാരത് ഫ്യൂൽ ഏജൻസിസിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിലെത്തിയ സംഘം പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞു.
ഉപ്പളയിലും കഴിഞ്ഞ ദിവസം സമാനമായ തട്ടിപ്പ് നടന്നിരുന്നു. ജീപ്പിലെത്തിയ സംഘം ഡീസൽ നിറച്ച ശേഷം പണം നൽകാതെ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കുമ്പളയിലെ പമ്പ് ഉടമ കുമ്പള പൊലീസിലും ഉപ്പളയിലെ പമ്പ് ഉടമ മഞ്ചേശ്വരം പൊലീസിലും പരാതി നൽകി. ഇന്ധനത്തിന്റെ തുക ജീവനക്കാർക്കാണ് നഷ്ടമാവുന്നത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പമ്പ് ജീവനക്കാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു.