ഒരു സീരിയൽ കില്ലർ തന്റെ ഇരകളെ കൊന്ന് വീടിന്റെ പിന്നാമ്പുറത്ത് ലോഹ ഡ്രമ്മുകളിൽ വർഷങ്ങളോളം ഒളിപ്പിച്ചുവെച്ചാലോ...? അതും അയൽവാസികൾ അത് പെട്രോളോ മദ്യമോ സൂക്ഷിക്കുന്ന ഡ്രമ്മുകളാണെന്ന് വിശ്വസിച്ച് ദിവസവും അതിന് സമീപത്തിലൂടെ നടന്നുപോയിട്ടുണ്ടെങ്കിലോ...
ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് അറിയാമോ? അനേകം സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്ന ആ മനുഷ്യനെ പൊലീസ് ഒരിക്കലും അറസ്റ്റ് ചെയ്തില്ല. ഇന്നും അദ്ദേഹത്തിന്റെ അന്ത്യം ഒരു ദുരൂഹമാണ്. ഇതാണ് ഹംഗറിയിലെ കുപ്രസിദ്ധ സീരിയൽ കില്ലറായ ബെല കിസ് എന്ന മനുഷ്യന്റെ കഥ.
1916, ഒന്നാം ലോകമഹായുദ്ധം യൂറോപ്പിനെ വിഴുങ്ങിക്കൊണ്ടിരുന്ന കാലം. ബെല കിസ് യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പ്രചരിച്ചതോടെ, അദ്ദേഹത്തിന്റെ വാടകവീട് ഒഴിപ്പിക്കാൻ വീട്ടുടമസ്ഥൻ എത്തി. വീട് നോക്കാൻ ജാകുബെക് എന്ന ജോലിക്കാരനെ ഏൽപ്പിച്ചിരുന്നതിനാൽ, എല്ലാം സാധാരണമായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്.
പക്ഷേ, വീടിന്റെ പിന്നിൽ നിരത്തിവെച്ചിരുന്ന വലിയ ലോഹ ഡ്രമ്മുകളിലേയ്ക്ക് അദ്ദേഹത്തിന്റെ കണ്ണൊന്ന് പാളി. "അതിൽ പെട്രോളാണ്..." ചിലർ പറഞ്ഞു. "അല്ല, പാർട്ടികൾ നടത്താൻ ഇഷ്ടമായിരുന്ന ബെല മദ്യം സൂക്ഷിക്കുന്ന ഡ്രമ്മുകളാണ്." മറ്റുചിലർ പറഞ്ഞു.
എന്നാൽ സംശയം തോന്നിയ വീട്ടുടമസ്ഥൻ ഒരു ഡ്രം തുറക്കാൻ ശ്രമിച്ച നിമിഷം, അസഹ്യമായ ദുർഗന്ധം പുറത്തേയ്ക്ക് വമിച്ചു. അദ്ദേഹം ഉടൻ പൊലീസിനെ വിളിച്ചു. ഡിറ്റക്റ്റീവ് കരോലി നാഗിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആദ്യ ഡ്രം തുറന്നപ്പോൾ അവർ കണ്ട കാഴ്ച അവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അതിനുള്ളിൽ ഒരു യുവതിയുടെ മൃതദേഹം. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്ന് ആകെ 31 ലോഹ ഡ്രമ്മുകൾ കണ്ടെത്തി. അവയിൽ പലതിലും വുഡ് ആൽക്കഹോളിൽ സൂക്ഷിച്ച നിലയിൽ സ്ത്രീകളുടെ മൃതദേഹങ്ങള് ഉണ്ടായിരുന്നു. ഹംഗറിയെ നടുക്കിയ കൊലപാതക പരമ്പരകളുടെ പൊരുൾ തേടിയുള്ള അന്വേഷണത്തിന് അങ്ങനെയായിരുന്നു തുടക്കം. പക്ഷേ, ആരായിരുന്നു ബെല കിസ്?
ബുഡാപെസ്റ്റിന് സമീപമുള്ള സിൻകോട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന സമ്പന്നനായ ഒരു തകരപ്പണിക്കാരൻ. ജ്യോതിഷത്തിലും അതീന്ദ്രിയവിദ്യകളിലും താൽപര്യമുള്ള, പുറമേ നോക്കുമ്പോൾ മാന്യനും സ്നേഹസമ്പന്നനുമായ ഒരാൾ. അയൽക്കാർക്ക് അദ്ദേഹം ഒരു മാതൃകാപുരുഷനായിരുന്നു. എന്നാൽ വീട്ടിലെ ഒരു മുറിയിലേയ്ക്ക് മാത്രം ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. പൊലീസ് ആ മുറി തുറന്നതോടെ അന്വേഷണത്തിന്റെ ദിശ തന്നെ മാറി.
അവിടെ നിന്ന് 74 സ്ത്രീകളുമായി ബെല നടത്തിയ കത്തിടപാടുകൾ, വിവാഹ പരസ്യങ്ങളുടെ രേഖകൾ, മാരകവിഷക്കൂട്ടുകളെ കുറിച്ചുള്ള പുസ്തകങ്ങൾ, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചെറുകുറിപ്പുകൾ എന്നിവ കണ്ടെത്തി. അതിൽ നിന്നാണ് ബെല തന്റെ ഇരകളെ എങ്ങനെ തിരഞ്ഞെടുക്കുന്നുവെന്ന് പൊലീസ് തിരിച്ചറിയുന്നത്. വിവാഹം ആഗ്രഹിക്കുന്ന, പലപ്പോഴും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യം.
വധുവിനെ തേടിയും വിവാഹബ്രോക്കറെന്നു കാണിച്ചും പത്രങ്ങളിൽ പരസ്യം നൽകും. അതുവഴി പരിചയപ്പെടുന്ന സ്ത്രീകളുമായി കത്തുമുഖാന്തരം ബന്ധം സ്ഥാപിച്ച് വിശ്വാസം സ്ഥാപിക്കും. പിന്നെ അവരുടെ പണവും സ്വത്തും കൈക്കലാക്കും. ഒടുവിൽ അവരെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. അതിനുശേഷം മൃതദേഹങ്ങൾ വുഡ് ആൽക്കഹോളിൽ സൂക്ഷിച്ച് ഡ്രമ്മുകളിൽ ഒളിപ്പിക്കും. അതായിരുന്നു ബെല കിസിന്റെ രീതി.
ചില മൃതദേഹങ്ങളിലെ രക്തം പൂർണമായും ഒഴുകിപ്പോയതായി കണ്ടെത്തിയതോടെ, അന്നത്തെ പത്രങ്ങൾ അദ്ദേഹത്തെ "വാമ്പയർ ഓഫ് സിൻകോട്ട" എന്ന് വിളിക്കാൻ തുടങ്ങി. കൊലപാതക രഹസ്യങ്ങൾ വെളിപ്പെട്ടതോടെ ബെല കിസിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. 1916-ൽ സെർബിയയിലെ ഒരു സൈനിക ആശുപത്രിയിൽ ബെലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചിരുന്നു. പക്ഷേ, ഡിറ്റക്റ്റീവ് നാഗി അവിടെ എത്തിയപ്പോഴേക്കും അയാൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. മരണമടഞ്ഞ ഒരു സൈനികന്റെ മൃതദേഹം തന്റേതാണെന്ന് പൊലീസുകാരെ തെറ്റിദ്ധരിപ്പിച്ചാണത്രേ അന്ന് ബെല രക്ഷപ്പെട്ടത്.
തുടർന്നുള്ള വർഷങ്ങളിൽ റൊമാനിയയിലും പിന്നീട് അമേരിക്കയിലെ ന്യൂയോർക്കിലും ബെലയെ കണ്ടതായി പല റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഓരോ തവണയും പൊലീസ് എത്തുന്നതിന് മുമ്പ് അയാൾ അപ്രത്യക്ഷനായി. ബെല കിസിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? അയാൾ യുദ്ധത്തിൽ മരിച്ചോ? അല്ലെങ്കിൽ മറ്റൊരു പേരിൽ വർഷങ്ങളോളം ജീവിച്ചോ?
ഇന്നും ആ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല. പക്ഷേ ഒരു കാര്യം മാത്രം ഉറപ്പാണ്, ചരിത്രത്തിലെ ഏറ്റവും ഭീകരമായ സീരിയൽ കില്ലർമാരിൽ ഒരാളായിരുന്നു ബെല കിസ്.